സംസ്ഥാനത്ത് വാക്സിനേഷൻ ശക്തിപ്പെടുത്തുന്നതിന് ആരോഗ്യ വകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് വാക്സിനേഷൻ ശക്തിപ്പെടുത്തുന്നതിന് ആരോഗ്യ വകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പല വാക്സിനുകൾ ഒരുമിച്ച് കൈകാര്യം ചെയ്യുമ്പോഴുള്ള പിഴവുകൾ ഒഴിവാക്കാനും വാക്സിനേഷൻ പ്രക്രിയ സുഗമമാക്കാനും വേണ്ടിയാണ് വാക്സിനേഷൻ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. പ്രതിരോധ കുത്തിവയ്പ്പുകൾ നൽകുമ്പോൾ ആരോഗ്യ പ്രവർത്തകർ അനുവർത്തിക്കേണ്ട നടപടിക്രമങ്ങളും പ്രോട്ടോകോളും ഉൾക്കൊള്ളിച്ചു കൊണ്ടാണ് മാർഗനിർദേശങ്ങൾ തയ്യാറാക്കിയത്. എല്ലാ ആരോഗ്യ പ്രവർത്തകരും മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. ഒരു മെഡിക്കൽ ഓഫീസറുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ മാത്രമേ വാക്സിനേഷൻ ക്ലിനിക്കോ സെഷനോ നടത്താവൂ. വാക്സിനേഷന് മുമ്പ് എല്ലാ കുട്ടികളുടെയും ആരോഗ്യനില പരിശോധിക്കണം. ആ സ്ഥാപനത്തിലെ ചുമതലയുള്ള മെഡിക്കൽ ഓഫീസർ മേൽനോട്ടം വഹിക്കണം. പരിശീലനം നേടിയ ജിവനക്കാരെ മാത്രമേ വാക്സിനേഷനായി നിയോഗിക്കാവൂ. പ്രതിരോധ കുത്തിവയ്പ്പുകൾ ആരംഭിക്കുന്നതിന് മുമ്പ് ഐസ് ലൈൻഡ് റഫ്രിജറേറ്ററിൽ നിന്ന് വാക്സിൻ പുറത്തെടുത്ത് കാരിയറിൽ വയ്ക്കുമ്പോൾ വാക്‌സിന്റെ പേര്, ബാച്ച് നമ്പർ, കാലഹരണ തീയതി, വിവിഎം, വാക്സിൻ വയൽ എന്നിവ പരിശോധിക്കണം, തുടങ്ങി 16 മാർഗ്ഗ നിർദ്ദേശങ്ങളാണ് സംസ്ഥാന ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിരിക്കുന്നത്.