ലോകത്ത് ആദ്യമായി ശ്വാസകോശാർബുദത്തെ പ്രതിരോധിക്കുന്നതിനുള്ള വാക്സിൻ വികസിപ്പിക്കാൻ ഒരുങ്ങി ബ്രിട്ടീഷ് ശാസ്ത്രജ്ഞർ. ‘ലങ്‍വാക്സ്’ എന്നു പേരിട്ട വാക്സിൻ ആണ് നിർമിക്കുന്നത്. ഓക്സ്‍ഫഡ് സർവകലാശാല, ഫ്രാൻസിസ് ക്രിക് ഇൻസ്റ്റിറ്റ്യൂട്ട്, യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ലണ്ടൻ എന്നിവിടങ്ങളിലെ ഗവേഷകരാണ് വാക്സിൻ നിർമ്മിക്കുന്നത്. കോവിഡിനെ പ്രതിരോധിക്കാൻ വികസിപ്പിച്ച അസ്ട്രാസെനക വാക്സിന് സമാനമാണ് ലങ്‍വാക്സ്. വാക്സിൻ നിർമ്മിക്കുന്നതിലൂടെ ഡി.എൻ.എ. തന്തുവിന് അർബുദത്തിന് കാരണമാകുന്ന പ്രോട്ടീനുകൾക്കെതിരേ പ്രവർത്തിക്കാൻ കഴിയും. കൂടാതെ ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥയെ മെച്ചപ്പെടുത്താനും കഴിയുമെന്ന് ഗവേഷകർ വ്യക്തമാക്കി. ബ്രിട്ടനിൽ ആളുകൾ മരിക്കുന്നതിൽ പ്രധാന കാരണങ്ങളിൽ ഒന്നാണ് ശ്വാസകോശാർബുദം. അതിനാൽ, ശ്വാസകോശത്തിൽ അർബുദമുണ്ടാക്കുന്ന ‘റെഡ് ഫ്ളാഗ്’ പ്രോട്ടീനുകളെ വാക്സിനിലെ ഡി.എൻ.എ. ഉപയോഗിച്ച് പ്രതിരോധിക്കുകയാണ് വാക്സിൻ നിർമ്മിക്കുന്നതിന്റ ലക്ഷ്യമെന്ന് ഗവേഷകർ വ്യക്തമാക്കി.