പ്രമുഖ സ്‌റ്റോക്ക് ബ്രോക്കിങ് കമ്പനിയായ സെറോദയുടെ സഹസ്ഥാപകനും സി.ഇ.ഒ.യുമായ നിതിൻ കാമത്തിന് പക്ഷാഘാതം സംഭവിച്ചതിന് പിന്നാലെ ആരോഗ്യ രംഗത്തെ സോഷ്യൽ മീഡിയ ഇൻഫ്‌ളൂവൻസിങിന് എതിരെ വ്യാപക വിമർശനം. പക്ഷാഘാതം സംഭവിച്ച വിവരം അദ്ദേഹം സമൂഹ മാധ്യമത്തിൽ പങ്കുവച്ചതിന് പിന്നാലെ ലഭിച്ച കമന്റിൽ സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസറും സംരംഭകനുമായ ഒരാൾ ചികിത്സാ ഉപദേശങ്ങൾ കമന്റ് ആയി നൽകിയതാണ് വിമർശനത്തിന് ഇടയാക്കിയത്. പ്രാഥമികചികിത്സ നൽകുന്നതൊഴിച്ചാൽ മെഡിക്കൽ സയൻസിന് മറ്റൊന്നും ചെയ്യാൻ കഴിയില്ലെന്നു പറഞ്ഞാണ് സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസർ നിതിൻ കാമത്തിന് മറ്റു ചില മാർഗങ്ങൾ ഉപദേശിച്ചത്. തെളിയിക്കപ്പെട്ടിട്ടില്ലാത്ത പലതരം തെറാപ്പികളേക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുകയും അവ പിന്തുടരാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇതിനെതിരേയാണ്, ആരോഗ്യ വിദഗ്ദ്ധർ രംഗത്തെത്തിയിരിക്കുന്നത്. സാമൂഹിക മാധ്യമം ജീവന് എത്ര ഭീഷണിയാകാം, യഥാർഥ ശാസ്ത്രത്തിന്റെ പിന്തുണയില്ലാത്ത ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസർമാരുടെ നിർദേശങ്ങൾ സ്വീകരിക്കരുതെന്നും, അശാസ്ത്രീയമായ ചികിത്സാവാഗ്ദാനങ്ങളുമായി സാമൂഹികമാധ്യമത്തിലെത്തുന്നവരിൽ നിന്ന് വൈദ്യോപദേശങ്ങൾ സ്വീകരിക്കരുതെന്നും ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.