കേരളത്തിലെ സർക്കാർ മേഖലയിലെ ആദ്യ റോബോട്ടിക് ശസ്ത്രക്രിയ ആർസിസിയിൽ വിജയകരമായി പൂർത്തീകരിച്ചു

കേരളത്തിലെ സർക്കാർ മേഖലയിലെ ആദ്യ റോബോട്ടിക് ശസ്ത്രക്രിയ ആർസിസിയിൽ വിജയകരമായി പൂർത്തീകരിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ്. വൃക്കയിൽ കാൻസർ ബാധിച്ച രണ്ടു മധ്യവയസ്‌ക്കരായ രോഗികൾക്കാണ് ശസ്ത്രക്രിയ നടത്തിയത്. ഒരാളുടെ വൃക്ക പൂർണമായും, മറ്റൊരാളുടെ വൃക്കയിൽ കാൻസർ ബാധിച്ച ഭാഗം മാത്രവും റോബോട്ടിക് സർജറി ഉപയോഗിച്ച് നീക്കം ചെയ്തു. രണ്ടു രോഗികളും സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. റോബോട്ടിക് സർജറിക്ക് നേതൃത്വം നൽകിയ മുഴുവൻ ടീമിനേയും ആരോഗ്യമന്ത്രി വീണ ജോർജ് അഭിനന്ദിച്ചു. രോഗികൾക്ക് ശസ്ത്രക്രിയ മൂലമുള്ള രക്തനഷ്ടം, വേദന, അണുബാധ, ശസ്ത്രക്രിയമൂലമുള്ള മുറിവുകളുടെ വലുപ്പം, ആശുപത്രിവാസം എന്നിവ ഗണ്യമായി കുറയ്ക്കാൻ സാധിക്കുക എന്നിവയൊക്കെയാണ് റോബോട്ടിക് ശസ്ത്രക്രിയയുടെ ഗുണങ്ങൾ. കഴിഞ്ഞമാസം 15നാണ് മുഖ്യമന്ത്രി ഈ റോബോട്ടിക് ശസ്ത്രക്രിയ യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചത്. സംസ്ഥാന സർക്കാരിന്റെ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ യൂണിറ്റ് സജ്ജീകരിച്ചിട്ടുള്ളത്. എം.സി.സി.യിലെ റോബോട്ടിക് സർജറി ഉടൻ പ്രവർത്തനസജ്ജമാക്കുമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി. അതിസങ്കീർണമായ ശസ്ത്രക്രിയകൾ കൂടുതൽ മികവോടെയും കൃത്യതയോടെയും നിർവഹിക്കാൻ സർജൻമാരെ പ്രാപ്തരാക്കുന്നതാണ് റോബോട്ടിക് സർജറി യൂണിറ്റ്.