പഞ്ഞിമിഠായിയുടെ നിർമാണവും വില്പനയും നിരോധിച്ച് തമിഴ്നാട്. കാൻസറിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്നാണ് നിരോധനം. കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയും നേരത്തേ സമാനമായ കാരണം ചൂണ്ടിക്കാട്ടി പഞ്ഞിമിഠായിക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. സാമ്പിളുകൾ പരിശോധിച്ചതിൽ നിന്ന് തുണികൾക്ക് നിറം നൽകാനായി ഉപയോഗിക്കുന്ന കെമിക്കൽ ഡൈയായ റോഡമിൻ-ബിയുടെ സാന്നിധ്യം പഞ്ഞിമിട്ടായിയിൽ തമിഴ്‌നാട് ഭക്ഷ്യ സുരക്ഷാ വകുപ്പ് കണ്ടെത്തി. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം റോഡമിൻ-ബി മനുഷ്യർക്ക് ഹാനികരമാണ്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഭക്ഷ്യസുരക്ഷാ കമ്മീഷണർ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.