പോളിസിസ്റ്റിക് ഓവറി സിൻഡ്രോം പി.സി.ഒ.എസും ആത്മഹത്യാചിന്തയും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് പഠന റിപ്പോർട്ട്. തായ്വാനിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നിൽ. അനാൽസ് ഓഫ് ഇന്റേർണൽ മെഡിസിൻ എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പി.സി.ഒ.എസ്. ഉള്ള പെൺകുട്ടികളിലും സ്ത്രീകളിലും ആത്മഹത്യാചിന്തകൾ കൂടാനുള്ള സാധ്യതയുണ്ടെന്നാണ് പഠനത്തിൽ പറയുന്നത്. പന്ത്രണ്ടിനും അറുപത്തിനാലിനും ഇടയിൽ പ്രായമുള്ള ഇത്തരക്കാരിൽ ആത്മഹത്യാചിന്തകൾ ഉള്ളതായി ഗവേഷകർ കണ്ടെത്തി. പി.സി.ഒ.എസ് ഉള്ളവർ അമിതവണ്ണം, അമിതരോമവളർച്ച, ആർത്തവം ക്രമമല്ലാതെ വരിക, വന്ധ്യത തുടങ്ങിയ പ്രശ്നങ്ങൾ അനുഭവിക്കുന്നവരാണ്. ഇവയെല്ലാം സ്ത്രീകളിൽ മാനസികസമ്മർദം വർധിപ്പിക്കുന്നുവെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. പി.സി.ഒ.എസ് മൂലം ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങൾ ഇവരെ കൂടുതൽ വിഷാദത്തിലേക്ക് നയിക്കാൻ സാധ്യതയുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. പി.സി.ഒ.എസുമായി ബന്ധപ്പെട്ട് മാനസികാരോഗ്യത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്നും പഠനം നിർദ്ദേശിക്കുന്നു.