ശീതളപാനീയങ്ങൾക്ക് അടിമകളാണെങ്കിൽ ഹൃദയാരോഗ്യം നശിക്കുമെന്ന് പഠനം. ഹാർവാർഡ് സർവകലാശാലയിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ആഡഡ് ഷുഗർ അമിതമായ അളവിലുള്ള ഇവ കുടിക്കുക വഴി അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ, രക്തസമ്മർദം തുടങ്ങിയവയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് പഠനം പറയുന്നു. എത്രതന്നെ വ്യായാമം ചെയ്യുന്നവരാണെങ്കിലും മധുരമുള്ള ശീതളപാനീയങ്ങൾ നിരന്തരം കുടിക്കുന്നവരാണെങ്കിൽ ഹൃദയാഘാതത്തിനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനത്തിൽ വ്യക്തമാക്കുന്നത്. ഏകദേശം ഒരുലക്ഷത്തോളം പേരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ
മധുരം ചേർത്ത ശീതള പാനീയങ്ങളുടെ അമിത ഉപയോഗം നിയന്ത്രിക്കണമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.