രക്തസമ്മർദത്തിന്റെ തോത് കുറയ്ക്കാൻ ലളിതമായ വ്യായാമങ്ങളിലൂടെ സാധിക്കുമെന്ന് ഗവേഷണ ഫലം. ബ്രിട്ടീഷ് ജേർണൽ ഓഫ് സ്പോർട്സ് മെഡിസിനിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബ്രിട്ടനിലെ കാന്റർബറി ക്രൈസ്റ്റ് ചർച്ച് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ഐസോമെട്രിക് എക്സർസൈസുകൾ എന്നറിപ്പെടുന്ന വാൾ സിറ്റ്, വാൾ സ്ക്വാട്ട് തുടങ്ങിയ ലളിതമായ രീതികൾ രക്ത സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനം പറയുന്നു. എട്ടുമിനിറ്റ് ഐസോമെട്രിക് വ്യായാമങ്ങൾ ആഴ്ച്ചയിൽ മൂന്നുതവണ ചെയ്യുന്നതുതന്നെ രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. ഏതുരീതിയിലുള്ള വ്യായാമത്തിനും രക്തസമ്മർദത്തെ കുറയ്ക്കുന്നതിൽ പങ്കുണ്ടെന്നും ഐസോമെട്രിക് വ്യായാമങ്ങൾ കുറച്ചുകൂടി ഗുണംചെയ്യുമെന്നും പഠനത്തിന് നേതൃത്വം നൽകിയ ഗവേഷകർ അഭിപ്രായപ്പെടുന്നു. 15,827 പേരെ നിരീക്ഷിച്ചാണ് പഠനം നടത്തിയത്.