മുഖം സ്കാൻ ചെയ്ത് രോഗം തിരിച്ചറിയാൻ എഐ കണ്ണാടി. ന്യൂറലോജിക്സ് എന്ന ഡിജിറ്റല്‍ ഹെല്‍ത്ത് കമ്പനിയാണ് നിര്‍മ്മിത ബുദ്ധിയില്‍ അധിഷ്ഠിതമായ സ്മാര്‍ട്ട് കണ്ണാടി നിർമ്മിച്ചിരിക്കുന്നത്. മുഖത്തെ രക്തപ്രവാഹം വിലയിരുത്തി രക്തസമ്മര്‍ദവും ഹൃദ്രോഗസാധ്യതയും അടക്കം അനുരാ മാജിക് മിറര്‍ എന്ന ഈ കണ്ണാടി പ്രവചനങ്ങള്‍ നടത്തും. ട്രാന്‍സ്ഡെര്‍മല്‍ ഒപ്റ്റിക്കല്‍ ഇമേജിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് കണ്ണാടി മുഖത്തെ രക്തപ്രവാഹം വിലയിരുത്തി ഡേറ്റ ക്ലൗഡിലേക്ക് അയക്കും. ഈ ഡേറ്റയുടെ അടിസ്ഥാനത്തില്‍ ഹൃദ്രോഗസാധ്യതയും രക്തസമ്മര്‍ദവും മാത്രമല്ല ഫാറ്റി ലിവര്‍ രോഗം, ടൈപ്പ് 2 പ്രമേഹം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളെയും കണ്ണാടി കണ്ടെത്തും. ചര്‍മ്മത്തിന്റെ ആരോഗ്യത്തിന്റെ അടിസ്ഥാനത്തിലുള്ള നിങ്ങളുടെ പ്രായവും സമ്മര്‍ദത്തിന്റെ തോതും കണ്ണാടി സൂചിപ്പിക്കും. കണ്ണാടി നിലവിൽ ജിമ്മുകള്‍, ക്ലിനിക്കുകള്‍, വ്യാപാരസ്ഥാപനങ്ങള്‍, ആരോഗ്യം വിലയിരുത്തുന്ന മറ്റ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ വിപണനം ചെയ്യാനാണ് ഉദ്ദേശിക്കുന്നത് എന്നും കണ്ണാടിയുടെ സാങ്കേതിക വിദ്യ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട് എന്നും കമ്പനി വ്യക്തമാക്കുന്നു.