ലോകത്താദ്യമായി അപൂർപ മസ്തിഷ്ക കാൻസറിനെ തോൽപ്പിച്ച് 13 വയസുകാരൻ. ബെൽജിയത്തിൽ നിന്നുള്ള ലൂക്കാസ് ആണ് ഡിഫ്യൂസ് ഇൻട്രിൻസിക് പോണ്ടൈൻ ഗ്ലിയോമ (diffuse intrinsic pontine glioma), എന്ന അപൂർവ മസ്തിഷ്ക അർബുദം ഭേദമായ ലോകത്തിലെ ആദ്യത്തെ കുട്ടി. ഏഴുവർഷത്തെ നീണ്ട ചികിത്സക്ക് ശേഷം, ട്യൂമറിൻ്റെ ഒരു അംശവും ലൂക്കസിൽ അവശേഷിക്കുന്നില്ലെന്ന് കുട്ടിയെ ചികിത്സിച്ച ഡോക്ടർ വ്യക്തമാക്കി. DIPG ബാധിച്ച കുട്ടികൾ രോഗനിർണ്ണയത്തിന് ശേഷം ഒരു വർഷത്തിനപ്പുറം അതിജീവിക്കാറില്ല. കൂടാതെ രണ്ട് വർഷത്തിന് ശേഷം 10 ശതമാനം കുട്ടികൾ മാത്രമാണ് ജീവിച്ചിരിക്കുന്നതെന്ന് സമീപകാല പഠനങ്ങൾ പറയുന്നു. ലൂക്കാസും കുടുംബവും ഫ്രാൻസിലെ BIOMEDE ട്രയലിൽ പങ്കെടുത്തിരുന്നു, തുടർന്ന് DIPGക്കുള്ള പുതിയ മരുന്നുകൾ പരീക്ഷിച്ചു. എവറോലിമസ് എന്ന കാൻസർ മരുന്നിനോട് ലൂക്കാസ് അനുകൂലമായി പ്രതികരിച്ചു, ഇത് ട്യൂമർ പൂർണ്ണമായും അപ്രത്യക്ഷമാകാൻ കാരണമായി. ലൂക്കാസിന് വളരെ അപൂർവമായ ഒരു മ്യൂട്ടേഷൻ ഉണ്ടായിരുന്നു എന്നും, അതാണ് ട്യൂമർ കോശങ്ങളെ മരുന്നിനോട് വളരെ സെൻസിറ്റീവ് ആക്കി കാൻസറിനെ തോൽപ്പിക്കാൻ കാരണമായതെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.