എനിക്ക് കൊളസ്‌ട്രോൾ കൂടുതലാണ്, കൊളസ്‌ട്രോൾ ശരീരത്തിൽ കൂടാതെ നോക്കണം എന്നൊക്കെ പലരും പറഞ്ഞു നമ്മൾ കേട്ടിട്ടുള്ളതാണ് അല്ലെ? ശരീരത്തിൽ അമിതമായി കൊഴുപ്പടിഞ്ഞു കൂടുന്നതുമൂലം കൊളസ്‌ട്രോൾ വരും എന്ന് നമുക്ക് എല്ലാവർക്കും അറിയാം. എന്നാൽ എന്താണ് കൊളസ്‌ട്രോൾ, അത് നമ്മുടെ ശരീര പ്രവർത്തനങ്ങളെ എത്രത്തോളം സ്വാധീനിക്കുന്നു എന്നൊക്കെ അറിയേണ്ടതുണ്ട്.
രക്തത്തിലും കോശഭിത്തികളിലും ശരീരകലകളിലും കാണപ്പെടുന്ന മെഴുക് പോലുള്ള കൊഴുപ്പാണ് കൊളസ്ട്രോൾ. ശരീരത്തിൽ നിരവധി കൊഴുപ്പ് ഘടകങ്ങൾ ഉണ്ടെങ്കിലും അളവ് ക്രമാതീതമായി വർധിക്കുന്നതിലൂടെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നതിൽ പ്രധാനി കൊളസ്ട്രോൾ ആണ്.
നിരവധി ശാരീരിക പ്രവർത്തനങ്ങൾക്ക് കൊളസ്ട്രോൾ കൂടിയേ തീരൂ. കൊഴുപ്പും പ്രോട്ടീനുമാണ് കൊളസ്ട്രോളിലെ പ്രധാന ഘടകങ്ങൾ. ചർമത്തിൽ നിന്ന് അധികജലം ആവിയായി പോകാതിരിക്കാൻ സഹായിക്കുന്നത് കൊളസ്ട്രോൾ പാളിയാണ്. കോശ ഭിത്തികൾ ഉറപ്പോടെ നിലനിർത്തുന്നതോടൊപ്പം കോശത്തിൻെറ പ്രവർത്തനങ്ങൾ ഫലപ്രദമായി നടത്തുന്നതിനും കൊളസ്ട്രോൾ ആവശ്യമാണ്. ജീവകം ഡി, സ്ത്രീ ഹോർമോണുകൾ, പുരുഷ ഹോർമോണുകൾ, അഡ്രിനൽ ഗ്രന്ഥിയിൽ നിന്നുത്പാദിപ്പിക്കുന്ന ഹോർമോണുകൾ തുടങ്ങിയവയുടെ ഉത്പാദനത്തിനും കൊളസ്ട്രോൾ അനിവാര്യമാണ്. ആഹാരത്തിലെ കൊഴുപ്പ് ഘടകങ്ങളെയും ജീവകങ്ങളെയും ആഗിരണം ചെയ്യാൻ സഹായിക്കുന്നതും കൊളസ്ട്രോളാണ്. ശരീര താപനില സന്തുലിതമാക്കുക, അവയവങ്ങൾ പരിക്കോ ക്ഷതമോ ഉണ്ടായാൽ പ്രോട്ടീൻ നിർമാണത്തിലൂടെ പുനർനിർമാണത്തിന് സഹായിക്കുക തുടങ്ങി നിരവധി ധർമങ്ങളാണ് കൊളസ്ട്രോൾ ശരീരത്തിൽ നിർവഹിക്കുക.
മൂന്നു തരം കൊളസ്ട്രോളുകൾ ആണ് ഉള്ളത്. 1. HDL സാന്ദ്രത കൂടിയ നല്ല കൊളസ്ട്രോൾ
2. സാന്ദ്രത കുറഞ്ഞ ചീത്ത കൊളസ്ട്രോൾ (LDL)
3. സാന്ദ്രത വളരെ കുറഞ്ഞ കൊളസ്ട്രോൾ (VLDL)
കൊളസ്ട്രോൾ വർധന രോഗങ്ങൾക്കിടയാക്കുന്നതെങ്ങനെ?
ശരീരത്തിന് ആവശ്യമുള്ള ആകെ കൊളസ്ട്രോളിൻെറ 80 ശതമാനവും കരളാണ് ഉത്പാദിപ്പിക്കുന്നത്. ഭക്ഷണത്തിൽനിന്ന് 20 ശതമാനം കൊളസ്ട്രോളാണ് നമുക്ക് ലഭ്യമാവുക. ഭക്ഷണത്തിലെ കൊളസ്ട്രോളിൻെറ അളവാണ് യഥാർഥത്തിൽ കരളിലെ കൊളസ്ട്രോളിൻെറ അളവിനെ നിയന്ത്രിക്കുന്നത്. ഭക്ഷണത്തിൽ പൂരിത കൊഴുപ്പിൻെറ അളവ് കൂടുമ്പോൾ രക്തത്തിലെ കൊളസ്ട്രോളിൻെറ അളവ് കൂടുകയും കരളിലെ ഉദ്പാദനം കുറയുകയും ചെയ്യും. രക്തത്തിലെ കൊളസ്ട്രോളിൻെറ അളവ് സാധാരണ നിലയിൽതന്നെ നിയന്ത്രിച്ച് നിർത്താൻ ഈ സംവിധാനം സഹായിക്കും. എന്നാൽ പൂരിത കൊഴുപ്പ് അടങ്ങിയ ഭക്ഷണത്തിൻെറ ഉപയോഗം അനിയന്ത്രിതമാകുന്നതോടെ രക്തത്തിലെ കൊളസ്ട്രോളിൻെറ അളവ് ഈ പ്രതിരോധത്തെ മറികടന്ന് വിവിധ രോഗങ്ങൾക്കിടയാക്കും.
ഉയർന്ന അളവിലുള്ള കൊളസ്ട്രോൾ ശരീരത്തിൽ നിരവധി പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. ഹൃദയാഘാതം, പക്ഷാഘാതം, കാലിലെ ധമനികളെ ബാധിക്കുന്ന പെരിഫറൽ വാസ്കുലാർ ഡിസീസ്, രക്താതിമർദം, വൃക്കരോഗങ്ങൾ, കരളിൽ കൊഴുപ്പടിയുക, പിത്താശയക്കല്ലുകൾ, ലൈംഗികശേഷിക്കുറവ്, സ്തനം, കുടൽ ഇവയിലുണ്ടാകുന്ന അർബുദം തുടങ്ങിയവയാണ് അമിത കൊളസ്ട്രോൾ മൂലമുണ്ടാകുന്ന പ്രധാന പ്രശ്നങ്ങൾ പ്രമേഹത്തിന് മുന്നോടിയായും അമിത കൊളസ്ട്രോൾ എത്താറുണ്ട്.
വിവിധതരം കൊളസ്ട്രോളുകൾ ഉണ്ട്
സാന്ദ്രതയുടെ അടിസ്ഥാനത്തിൽ അവയെ മൂന്നായി തിരിച്ചിട്ടുണ്ട്.
1. സാന്ദ്രത കൂടിയ നല്ല കൊളസ്ട്രോൾ (HDL)
2. സാന്ദ്രത കുറഞ്ഞ ചീത്ത കൊളസ്ട്രോൾ (LDL)
3. സാന്ദ്രത വളരെ കുറഞ്ഞ കൊളസ്ട്രോൾ (VLDL)
ഇതിന് പുറമെ ട്രൈഗ്ലിസറൈഡ് എന്ന മറ്റൊരിനം കൊഴുപ്പും LDL എന്ന ചീത്ത കൊളസ്‌ട്രോളിന്റെ ദോഷ ഫലങ്ങളെ വർധിപ്പിക്കാറുണ്ട്.
ഓരോ കൊളസ്ട്രോളുകളെയും നമുക്ക് അടുത്തറിയാം
HDL എന്ന നല്ല കൊളസ്ട്രോൾ
രക്തക്കുഴലുകൾ ശുചിയാക്കുക എന്ന ഭാരിച്ച ജോലിയിലൂടെ കൊളസ്ട്രോളിൻെറ അളവ് ക്രമീകരിച്ച് നിരവധി രോഗങ്ങളുടെ കടന്ന് വരവിനെ തടയുന്ന നല്ല കൊളസ്ട്രോളാണ് HDL. ഇതിന് പുറമെ രക്തം അനവസരങ്ങളിൽ കട്ട പിടിക്കുന്നത് ഒഴിവാക്കാനും, രക്തക്കുഴലുകളുടെ വികസനത്തെ സഹായിക്കുന്ന ഘടകങ്ങളുടെ ഉദ്പാദനത്തെ ഉത്തേജിപ്പിക്കാനും HDLന് കഴിയും. കൂടാതെ ചീത്ത കൊളസ്ട്രോൾ ഘടകങ്ങൾക്ക് രൂപാന്തരം സംഭവിച്ച് ശരീരത്തിന് ഹാനികരമായി മാറുന്നതിനെ തടയുന്നതും. നല്ല കൊളസ്ട്രോളായ HDL ആണ്. HDLൻെറ അളവ് 60mg/dl ഓ അതിൽ കൂടുതലോ ആകുന്നത് ഏറെ ഗുണകരമാണ്.
LDL അഥവാ ചീത്ത കൊളസ്ട്രോൾ
കരളിൽ ഉത്പാദിപ്പിക്കുന്ന കൊളസ്ട്രോളിനെ ശരീരത്തിൻെറ വിവിധ ഭാഗങ്ങളിലൂള്ള കോശങ്ങളിൽ എത്തിക്കുന്നത് LDL ആണ്. രക്തക്കുഴലിൻെറ ഉൾഭാഗത്ത് കൊഴുപ്പ് അടിഞ്ഞ് കൂടി ധമനീ പ്രതിചയം (atherosclerosis) ഉണ്ടാകുന്നതിൻെറ പ്രധാന കാരം LDLൻെറ അളവിലുണ്ടാകുന്ന വർധനവാണ്. തുടർന്ന് പ്രധാന അവയവങ്ങളിലേക്കുള്ള രക്തസഞ്ചാരം കുറഞ്ഞ് ഹൃദ്രോഗം ഉൾപ്പെടെയുള്ള ഗുരുതര പ്രശ്നങ്ങൾക്കിടയാക്കും. LDLൻെറ അളവ് 100 mg/dlൽ കുറവാകുന്നതാണ് ഏറ്റവും സുരക്ഷിതം.
ചില രാസപ്രക്രിയകളത്തെുടർന്ന് LDL ഘടകത്തിന് രൂപാന്തരം സംഭവിക്കുകയും രക്തക്കുഴലുകളുടെ ഉൾഭിത്തിയിൽ മറ്റ് കോശങ്ങളുമായിച്ചേർന്ന് പറ്റിപ്പിടിച്ച് കൊഴുപ്പ് അടിഞ്ഞ് കൂടാൻ ഇടയാകുകയും ചെയ്യുന്നു. ഒപ്പം ധമനികളുടെ ഉൾവ്യാസം കുറയുകയും രക്തം കട്ടപിടിക്കുന്ന പ്രവർത്തനങ്ങൾ ത്വരിതപ്പെടുകയും ചെയ്യും. അതിനാൽ LDL എന്ന ചീത്ത കൊളസ്ട്രോൾ നിയന്ത്രിച്ച് നിർത്തണം.
സാന്ദ്രത വളരെക്കുറഞ്ഞ VLDL
കൊളസ്ട്രോളിനെ രക്തത്തിലൂടെ സഞ്ചരിക്കാൻ സഹായിക്കുന്ന കൊഴുപ്പ് കണികയാണ് VLDL കൊളസ്ട്രോളിൻെറ ദോഷഫലങ്ങളെ കൂട്ടുമെന്നതിനാൽ VLDLൻെറ അളവ് 30mg/dl കൂടാതിരിക്കുന്നതാണുചിതം.
ട്രൈഗ്ളിസറൈഡ്
കോശങ്ങൾക്ക് ആവശ്യമായ ഊർജം നൽകുന്ന കൊഴുപ്പാണ് ട്രൈഗ്ളിസറൈഡ്. ചീത്ത കൊളസ്ട്രോളായ LDL ധമനികളിൽ അടിഞ്ഞ്കൂടാൻ ട്രൈഗ്ളിസറൈഡ് ഇടയാക്കാറുണ്ട്. കൂടാതെ മറ്റ് പദാർഥങ്ങളുമായിച്ചേർന്ന് ഇത് VLDL ആയി മാറും. അതിനാൽ ട്രൈഗ്ളിസറൈഡിൻെറ തോത് 150mg/dl താഴ്ന്ന് നിൽക്കുന്നതാണ് സുരക്ഷിതം.
കൊളസ്ട്രോൾ – പരിഹാരങ്ങൾ
അമിത കൊളസ്ട്രോൾ നിയന്ത്രണത്തിന് മരുന്നുകളോടൊപ്പം ഭക്ഷണനിയന്ത്രണം, ക്രമമായ വ്യായാമം എന്നിവ അനിവാര്യമാണ്. ഗുൽഗുലു, നീർമരുത്, കടുക്ക, വെളുത്തുള്ളി, മുതിര, കാട്ടുഴുന്ന്, കാട്ടുപയറ്, നെല്ലിക്ക, താന്നിക്ക, മത്തക്കുരു, ഏഴിലംപാലയരി, ഓരിലവേര്, മുളങ്കൂമ്പ്, തിപ്പലി, പുഷ്കരമൂലം ഇവ കൊളസ്ട്രോൾ നിയന്ത്രണത്തിനുപയോഗിക്കാമെന്നാണ് വിദഗ്ദർ പറയുന്നത്. വിരേചനം, വസ്തി, ശിരോധാര, ഉദ്വർത്തനം, സ്വേദനം ഇവയും ചില ഘട്ടങ്ങളിൽ നൽകാറുണ്ട്.
ഭക്ഷണക്രമീകരണം
‘ട്രാൻസ്ഫാറ്റുകൾ’ എന്നറിയപ്പെടുന്ന ഭക്ഷണത്തിലൂടെ ഉള്ളിലത്തെുന്ന അപകടകാരികളായ കൊഴുപ്പുകൾ കൊളസ്ട്രോൾ വർധിപ്പിക്കുന്ന പ്രധാന ഘടകമാണ്. പേസ്ട്രി, കേക്ക്, പഫ്, ചിച്സ്, ഐസിങ്, റെഡി ടു ഈറ്റ് വിഭവങ്ങൾ തുടങ്ങിയവയിൽ സമൃദ്ധമായി ട്രാൻസ്ഫാറ്റുകൾ അടങ്ങിയിട്ടുണ്ട്. ചുവന്ന മാംസം, മുട്ടയുടെ മഞ്ഞക്കരു, കൊഴുപ്പടങ്ങിയ പാലും പാലുൽപന്നങ്ങളും ഞണ്ട്, കൊഞ്ച്, വനസ്പതി ഇവയും ഗുണകരമല്ല, വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്ന എണ്ണകളും അത്യന്തം അപകടകാരികളാണ്. എണ്ണകൾ മിതമായി ഉപയോഗിക്കാം.
പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, പരിപ്പ്, പയർവർഗങ്ങൾ, കൊഴുപ്പ് നീക്കിയ പാൽ, ഇവ ഉൾപ്പെട്ട നാടൻ ഭക്ഷണമാണ് കൊളസ്ട്രോൾ കുറക്കാൻ അനുയോജ്യം, തവിടോട് കൂടിയ അരി, ഓട്സ്, ഗോതമ്പ്, റാഗി, കടല, ഉലുവ, ചെറുപയർ, വൻപയർ ഇവ കൊളസ്ട്രോൾ കുറക്കും.
വെളുത്തുള്ളി, മത്തങ്ങ, ബീറ്റ്റൂട്ട്, തക്കാളി, വഴുതനങ്ങ, മുരിങ്ങക്ക, വാഴക്കൂമ്പ, വാഴപ്പിണ്ടി, മധുരക്കിഴങ്ങ്, മുരിങ്ങയില, ചീര ഇവയിലിടങ്ങിയിരിക്കുന്ന നാരുകളും ആൻറി ഓക്സിഡൻറുകളും കൊളസ്ട്രോൾ ആഗിരണത്തെ തടയുന്നതിനാൽ ഭക്ഷണത്തിൽ പെടുത്തേണ്ടതാണ്. നെല്ലിക്ക, പപ്പായ, പേരക്ക, സപ്പോട്ട ഇവയും ഗുണകരമാണ്. നല്ല കൊളസ്ട്രോളിൻെറ അളവിനെ കൂട്ടുമെന്നതിനാൽ അയല, മത്തി, ചൂര, കിളിമീൻ ഇവയും ഭക്ഷണത്തിൽപെടുത്താം.
വ്യായാമം അനിവാര്യം
ആകെ കൊളസ്ട്രോളിൻെറ അളവിനെ കുറക്കാനും നല്ല കൊളസ്ട്രോളിൻെറ അളവിനെ കൂട്ടാനും വ്യായാമത്തിനാകും. രക്തക്കുഴലുകളിൽ കൊഴുപ്പ് അടിയുന്നതിനെ വ്യായാമം തടയുന്നതിനാൽ ധമനിപ്രതിചവും തടയാനാകും. പ്രായം, ശരീരബലം ഇവക്കനുസരിച്ച് നടത്തം, ജോഗിങ്, യോഗ, ഇരുന്നുള്ള വ്യായാമങ്ങൾ ഇവയിൽ ഉചിതമായത് തെരഞ്ഞെടുക്കാം. കൊളസ്ട്രോൾ വർധനക്കിടയാക്കുന്ന ഘടകങ്ങളിലൊന്നായ മനസംഘർഷത്തെ കുറക്കാനും വ്യായാമത്തിന് കഴിക്കാറുണ്ട്.
കുട്ടികളെ ബാല്യത്തിൽതന്നെ വ്യായാമവും കൊഴുപ്പ് കുറഞ്ഞ ഭക്ഷണരീതികളും ശീലിപ്പിക്കുന്നത് ഭാവിയിൽ കൊളസ്ട്രോൾ വർധിക്കാതിരിക്കാൻ സഹായകമാകാറുണ്ട്