തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ മരുന്നു ക്ഷാമം എന്ന് പ്രമുഖ മാധ്യമം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. എന്താണ് സ്ഥിതി എന്ന് തിരക്കാതെ ‘മരുന്നിനില്ല മരുന്ന്’ എന്ന് ജനറലൈസ് ചെയ്തുള്ള ശ്രമം തീര്‍ത്തും നിര്‍ഭാഗ്യകരമാണ് എന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. വാര്‍ത്ത ശ്രദ്ധയില്‍പെട്ട ഉടനെ ആരോഗ്യ വകുപ്പ് ഡയറക്ടര്‍, KMSCL മാനേജിംഗ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ളവരോട് വിവരം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. ഡ്രഗ് ഡിസ്ട്രിബ്യൂഷന്‍ മാനേജ്മെന്റ് സിസ്റ്റം പ്രകാരം തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ നിര്‍ദ്ദേശിച്ച മരുന്നുകള്‍ സംബന്ധിച്ച സ്റ്റോക്ക് position അവര്‍ നല്‍കിയത് മന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ചു. D.D.M.S. പ്രകാരം വ്യക്തമാകുന്നത് മരുന്നുകളെല്ലാം അവിടെയുണ്ട് എന്നാണ്. മരുന്ന് ഉണ്ടായിട്ടും ഒരു സാധാരണക്കാരനെ ബുദ്ധി മുട്ടിച്ചിട്ടുണ്ടെങ്കില്‍ ഇത് സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ആരോഗ്യമന്ത്രി വ്യക്തമാക്കി.