സംസ്ഥാനത്ത് ഡോക്ടറുടെ കുറിപ്പില്ലാതെ ആന്റിബയോട്ടിക് വിറ്റാൽ കർശന നടപടി; ആരോഗ്യമന്ത്രി

ഒരു മഹാ ദുരന്തം ഒഴിവാക്കുന്നതിനായി സംസ്ഥാനത്ത് ഡോക്ടറുടെ കുറിപ്പില്ലാതെ ആന്റിബയോട്ടിക് വിറ്റാൽ കർശന നടപടി എന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാൻ സംസ്ഥാനത്ത് ഓപ്പറേഷൻ അമൃത് (AMRITH- Antimicrobial Resistance Intervention For Total Health) എന്ന പേരിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗം പരിശോധനകൾ ആരംഭിക്കുന്നതായും ആരോഗ്യമന്ത്രി വ്യക്തമാക്കി. പൊതുജന പങ്കാളിത്തോടെയായിരിക്കും ഇത് നടപ്പിലാക്കുന്നത്. കുറിപ്പടിയില്ലാതെ ഏതെങ്കിലും ഫാർമസികൾ ആന്റിബയോട്ടിക്കുകൾ വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കും വിവരം നൽകാവുന്നതാണ്. ഡ്രഗ്സ് കൺട്രോളർ നിയോഗിക്കുന്ന പ്രത്യേക സ്‌ക്വാഡും ഈ രഹസ്യ ഓപ്പറേഷന്റെ ഭാഗമാകും. ആന്റിബയോട്ടിക്കുകൾ വിൽക്കുന്നതിന്റെ വിവരങ്ങൾ കൃത്യമായി ഫാർമസികൾ സൂക്ഷിക്കേണ്ടതാണ്. ‘ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ വിൽക്കുന്നതല്ല’ എന്ന പോസ്റ്റർ സ്ഥാപനത്തിൽ പ്രദർശിപ്പിക്കേണ്ടതാണ്. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയുള്ള ആന്റിബയോട്ടിക് ഉപയോഗം 2024ൽ പൂർണമായും നിർത്തലാക്കാനുള്ള കഠിന പ്രയത്നത്തിലാണ് ആരോഗ്യ വകുപ്പ് എന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു.