ഹരിയാനയിൽ ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതിയ വയോധികന് പുനർജന്മം. മൃതദേഹം കൊണ്ടുപോകവെ ആംബുലൻസ് കുഴിയിൽ വീണതോടെയാണ് 80കാരന് ജീവൻ തിരിച്ചുകിട്ടിയതെന്ന് കുടുംബം അവകാശപ്പെട്ടു. 80 വയസ്സുകാരനായ ദർശൻ സിംഗ് ബ്രാറിനാണ് റോഡിലെ കുഴി തുണയായത്. മൃതദേഹം പട്യാലയിൽ നിന്ന് കർണലിനടുത്തുള്ള അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. സംസ്കാരത്തിനായി വിറകു വരെ ഒരുക്കിയിരുന്നു ഇതിനിടെയായാണ് യാത്രക്കിടെ ആംബുലൻസ് കുഴിയിൽ വീണത്. ആംബുലൻസ് കുഴിയിൽ വീണത്തോടെ ദർശൻ സിംഗ് കൈ ചലിപ്പിക്കുന്നത് ഒപ്പമുണ്ടായിരുന്ന ചെറുമകന്റെ ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ ഹൃദയമിടിപ്പ് പരിശോധിക്കുകയും ആംബുലൻസ് ഡ്രൈവറോട് അടുത്തുള്ള ആശുപത്രിയിലേക്ക് പോകാൻ ഒപ്പമുള്ളവർ ആവശ്യപ്പെട്ടു. പരിശോധനയിൽ ദർശൻ സിംഗ് മരിച്ചിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. അദ്ദേഹം ഇപ്പോൾ കർണാലിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യ നില ഗുരുതരമാണെങ്കിലും വേഗത്തിൽ സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം. വാർധക്യസഹജമായ അസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ഇയാൾ 4 ദിവസമായി ആശുപത്രി വെന്റിലേറ്ററിൽ ആയിരുന്നു. വ്യാഴാഴ്ച ഹൃദയമിടിപ്പ് നിലച്ചതായി ഡോക്ടർമാർ അറിയിച്ചു. ഇതേതുടർന്ന് അന്ത്യകർമങ്ങൾക്കായി ഇദ്ദേഹത്തെ ആംബുലൻസിൽ കൊണ്ടുപോകവെയാണ് പ്രസ്തുത സംഭവം നടന്നത്.