പച്ചക്കറികള്‍ അടങ്ങിയ ഭക്ഷണക്രമം തലച്ചോറിന് പ്രായമാകുന്നതിനെ തടയുമെന്ന് ഗവേഷണ പഠനം

ഇസ്രയേൽ: ധാരാളം പച്ചക്കറികള്‍ അടങ്ങിയ ഭക്ഷണക്രമം തലച്ചോറിന് പ്രായമാകുന്നതിനെ തടയുമെന്ന് ഗവേഷണ പഠനം. 102 പേരെ ഉള്‍പ്പെടുത്തിയുള്ള ഗവേഷണത്തിന് നേതൃത്വം നല്‍കിയത് ഇസ്രയേലിലെ ബെന്‍ ഗൂരിയന്‍ സര്‍വകലാശാലയിലെ ഗവേഷകരാണ്. ശരീരഭാരം ഓരോ ശതമാനം കുറയുന്നതിന് അനുസരിച്ച് തലച്ചോറിന്റെ പ്രായം സാധാരണ പ്രായത്തേക്കാള്‍ ഒന്‍പത് മാസം കൂടുതല്‍ യുവത്വമുള്ളതായി തീരുന്നതായി ഗവേഷകര്‍ പറയുന്നു. പഠനം ആരംഭിക്കുന്നതിന് മുന്‍പും 18 മാസങ്ങള്‍ക്ക് ശേഷവും ഇവരുടെ തലച്ചോറിന്റെ സ്‌കാനുകള്‍ എടുത്തിരുന്നു. തലച്ചോര്‍ കൂടുതല്‍ ചെറുപ്പമായിരുന്നവരില്‍ കരളിലെ കൊഴുപ്പ് കുറഞ്ഞതായും ലിപിഡ് പ്രൊഫൈല്‍ മെച്ചപ്പെട്ടതായും ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്‌കരിച്ച ഭക്ഷണം, മധുരം, മദ്യം എന്നിവ കുറച്ചുള്ള ആരോഗ്യകരമായ ജീവിതശൈലി തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിന് പരമപ്രധാനമാണെന്ന് ഗവേഷണണത്തിന് നേതൃത്വം നല്‍കിയ ന്യൂറോസയന്റിസ്റ്റ് ഗിഡോണ്‍ ലെവകോവ് കൂട്ടിച്ചേര്‍ത്തു. ഇലൈഫ് ജേര്‍ണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

LEAVE A REPLY