കോവിഡ് പരിശോധനയിൽ പോസിറ്റീവാണെന്ന് തെളിഞ്ഞ മലയാളി യുവാവിനെ കാണാതായി

ഉത്തർപ്രദേശിൽ നടത്തിയ കോവിഡ് പരിശോധനയിൽ പോസിറ്റീവാണെന്ന് തെളിഞ്ഞ മലയാളി യുവാവിനെ കാണാതായി. തിരുവനന്തപുരം സ്വദേശിയായ 32-കാരനാണ് ജീനോം പരിശോധനാഫലം പുറത്തുവരുന്നതിന് മുമ്പ് കടന്നുകളഞ്ഞത്. ആഗ്ര കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ഇയാൾക്ക് കോവിഡ് പരിശോധന നടത്തിയത്. രാജസ്ഥാനിലെ ധോൽപുർ ആണ് ഇയാളുടെ മൊബൈൽ ഫോൺ അവസാനമായി കാണിച്ച ലൊക്കേഷൻ. പിന്നീട് ഫോൺ സ്വിച്ച് ഓഫായി. ശനിയാഴ്ചയാണ് ഇയാളുടെ ആർ.ടി-പി.സി.ആർ പരിശോധനാഫലം പുറത്തുവന്നത്. ജീനോം സീക്വൻസിങ് നടത്തി കോവിഡിന്റെ വകഭേദമാണോ എന്ന് കണ്ടെത്തുന്നതിനായി ഇയാളുടെ സാമ്പിൾ അയച്ചു. ‘വകഭേദം തിരിച്ചറിയാനായി ലഖ്നൗവിലെ കിങ് ജോർജ്സ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലേക്കാണ് സാമ്പിൾ അയച്ചത്. അയാളോട് ഫലം വരുന്നത് വരെ കാത്തിരിക്കാൻ പറഞ്ഞു. പക്ഷേ ആരോഗ്യവകുപ്പ് ജീവനക്കാർ എത്തുന്നതിന് മുമ്പ് അയാൾ നഗരം വിട്ടിരുന്നു. അയാളെ കുറിച്ചുള്ള വിവരങ്ങൾ കേന്ദ്രീകൃത പോർട്ടലിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. അതേസമയം ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 841 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 4309 സജീവ കേസുകളാണ് നിലവിലുള്ളത്.