മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഉപഭോക്താക്കള്‍ക്ക് ആശ്വാസ വിധിയുമായി മദ്രാസ് ഹൈക്കോടതി

മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഉപഭോക്താക്കള്‍ക്ക് ആശ്വാസ വിധിയുമായി മദ്രാസ് ഹൈക്കോടതി. ഇന്‍ഷുറന്‍സ് കമ്പനിയുടെ പട്ടികയില്‍ ഉള്‍പ്പെടാത്ത ആശുപത്രികളില്‍ ചികിത്സിച്ചാലും മെഡിക്കല്‍ ഇന്‍ഷുറന്‍സ് തുക നല്‍കാന്‍ കമ്പനികള്‍ ബാധ്യസ്ഥരാണെന്ന് കോടതി ഉത്തരവിട്ടു. ചികിത്സയും ചെലവും പരിശോധിച്ച് ശരിയാണെന്ന് ഉറപ്പുവരുത്തിയാല്‍ ചികിത്സാ ചെലവ് കമ്പനികള്‍ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. ജസ്റ്റിസുമാരായ എസ് എം സുബ്രഹ്‌മണ്യം, ലക്ഷ്മി നാരായണന്‍ എന്നിവരുടെ ബെഞ്ചാണ് നിര്‍ണായക വിധി പുറപ്പെടുവിച്ചത്. ജില്ലാ കോടതിയില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറായി വിരമിച്ച മണി എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ചികിത്സിച്ച ആശുപത്രി, കമ്പനിയുടെ അംഗീകൃത പട്ടികയില്‍ ഇല്ലെന്ന് കാട്ടി ഇന്‍ഷുറന്‍സ് തുക നിഷേധിച്ചതിനെതിരെയാണ് മണി കോടതിയെ സമീപിച്ചത്. ആറാഴ്ചക്കകം പരാതിക്കാരന് ചികിത്സക്കായി ചെലവായ തുക നല്‍കണമെന്നും കോടതി കമ്പനിയോട് ആവശ്യപ്പെട്ടു. ഇന്‍ഷുറന്‍സ് കമ്പനികള്‍ നിഷ്‌കര്‍ഷിക്കുന്ന ആശുപത്രികളില്‍ ചികിത്സ നടത്തിയാല്‍ മാത്രമേ കമ്പനികള്‍ ക്ലെയിം അംഗീകരിക്കൂവെന്ന വാദത്തിന് തിരിച്ചടി നല്‍കുന്നതാണ് കോടതിവിധി.