ശബരിമല തീര്‍ഥാടന മേഖലയിലെ ഭക്ഷണ സ്ഥാപനങ്ങളില്‍ വ്യാപക പരിശോധനയുമായി ആരോഗ്യ വകുപ്പ്

എരുമേലിയില്‍ ചായക്കടയിലേക്ക് ശുചിമുറിയിലെ ടാപ്പില്‍ നിന്നും വെള്ളമെടുത്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ശബരിമല തീര്‍ഥാടന മേഖലയിലെ ഭക്ഷണ സ്ഥാപനങ്ങളില്‍ വ്യാപക പരിശോധനയുമായി ആരോഗ്യ വകുപ്പ്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷാജി കറുകത്രയുടെ നേതൃത്വത്തില്‍ എരുമേലി ടൗണ്‍, കൊരട്ടി, പേരൂര്‍ത്തോട് എന്നിവിടങ്ങളില്‍ ഭക്ഷണസാധനങ്ങള്‍ കൈകാര്യം ചെയ്യുന്ന 32 സ്ഥാപനങ്ങള്‍ ആരോഗ്യവകുപ്പ് പരിശോധിച്ചു. മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന 3 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കി. ദ്രവ മാലിന്യ നിര്‍മാര്‍ജനം കാര്യക്ഷമമാക്കണമെന്നും കുടിവെള്ള പരിശോധന നടത്തി റിപ്പോര്‍ട്ട് പ്രദര്‍ശിപ്പിക്കണമെന്നും തീര്‍ഥാടന മേഖലയിലെ ഭക്ഷണ സ്ഥാപനങ്ങള്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.