എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് നെഞ്ചുരോഗ വിഭാഗത്തില്‍ ഇബസ് മെഷീന്‍ സൗകര്യം

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് നെഞ്ചുരോഗ വിഭാഗത്തില്‍ ഇബസ് മെഷീന്‍ സൗകര്യം തുടങ്ങി. പലതരത്തിലുള്ള നെഞ്ചുരോഗങ്ങളെ വളരെ കൃത്യതയോടെ നിര്‍ണ്ണയിക്കാന്‍ ഈ മെഷീന്‍ വഴി സാധിക്കും. ശ്വാസക്കുഴലുകള്‍ക്ക് ഉള്ളിലുള്ള മുഴകള്‍ സാധാരണ എന്‍ഡോസ്‌കോപ്പ് മുഖേന പരിശോധിക്കുവാന്‍ കഴിയും. എന്നാല്‍ ശ്വാസക്കുഴലുകള്‍ക്ക് പുറമെ സ്ഥിതിചെയ്യുന്ന ക്യാന്‍സര്‍ മുഴകള്‍, ലസിതാ ഗ്രന്ഥികള്‍ എന്നിവ കണ്ടെത്തുന്നതിന് ഈ മെഷീനിലുള്ള എന്‍ഡോസ്‌കോപ്പിന്റെ അഗ്രഭാഗത്ത് ഘടിപ്പിച്ചിരിക്കുന്ന അള്‍ട്രാ സൗണ്ട് പ്രൊസസ്സര്‍ ഉപയോഗിച്ച് കണ്ടെത്തുന്നതിനും, പ്രത്യേക സൂചി ഉപയോഗിച്ച് കുത്തിയെടുത്ത് പരിശോധിച്ചു രോഗം നിര്‍ണ്ണയിക്കുന്നതിനും കഴിയും. കൂടാതെ നെഞ്ചിനകത്തെ ശ്വാസകോശ ക്യാന്‍സര്‍ നിര്‍ണയിക്കുന്നതിനും സ്റ്റേജിംഗ് നടത്തുന്നതിനും ടി. ബി, സര്‍ക്കോയ്ഡസിസ് രോഗങ്ങള്‍ എന്നിവ നിര്‍ണയിക്കുന്നതിനും കഴിയും എന്നതാണ് മെഷീന്റെ പ്രത്യേകത. സ്വകാര്യ ആശുപത്രികളില്‍ മുപ്പതിനായിരം രൂപയോളം ആവശ്യമുള്ള ഈ അതി നൂതന സാങ്കേതിക പരിശോധനയാണ് മെഡിക്കല്‍ കോളേജിലൂടെ സാധാരണ ജനങ്ങളിലേക്ക് എത്തിച്ചിരിക്കുന്നത്. പ്ലാന്‍ ഫണ്ടില്‍ നിന്നും 1.9 കോടി രൂപ ചെലവിട്ടാണ് മെഷീന്‍ സ്ഥാപിച്ചിട്ടുള്ളത്.