ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ആര്‍ദ്രം ആരോഗ്യം ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിംഗ് നടപടികള്‍ പൂര്‍ത്തിയായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് 30 വയസിന് മുകളില്‍ പ്രായമുള്ള ഒന്നര കോടിയിലധികം പേരുടെ സ്‌ക്രീനിംഗാണ് പൂര്‍ത്തിയായത്. സ്‌ക്രീനിംഗില്‍ രോഗ സാധ്യതയുള്ള 13.5 ലക്ഷത്തോളം പേരുടെ തുടര്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കുകയും ആവശ്യമായവര്‍ക്ക് തുടര്‍ ചികിത്സ ഉറപ്പാക്കുകയും ചെയ്തു. ചികിത്സയോടൊപ്പം രോഗപ്രതിരോധത്തിനും പ്രാധാന്യം നല്‍കിക്കൊണ്ട് നടപ്പിലാക്കുന്ന പദ്ധതിയെ രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസസ് പദ്ധതികളുടെ കൂട്ടത്തില്‍ അവതരിപ്പിച്ചിരുന്നു. സ്‌ക്രീനിംഗില്‍ മാത്രമൊതുങ്ങാതെ രോഗം സംശയിക്കുന്നവര്‍ക്ക് വിദഗ്ധ പരിശോധനയും ചികിത്സയും ഉറപ്പ് വരുത്തുന്നുണ്ടെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. രക്താതിമര്‍ദ്ദം, പ്രമേഹം, കാന്‍സര്‍, ക്ഷയരോഗം, ശ്വാസകോശ രോഗങ്ങള്‍ എന്നിവ പ്രാരംഭ ഘട്ടത്തില്‍ തിരിച്ചറിഞ്ഞ് ചികിത്സ ഉറപ്പാക്കുകയാണ് ആര്‍ദ്രം പദ്ധതിയുടെ ലക്ഷ്യം. ഇ ഹെല്‍ത്ത് രൂപകല്പന ചെയ്ത ശൈലി ആപ്പിന്റെ സഹായത്തോടെ ആശാ പ്രവര്‍ത്തകര്‍ നേരിട്ട് വീടുകളിലെത്തിയാണ് സ്‌ക്രീനിംഗ് നടത്തുന്നത്.