അവയവദാന രംഗത്ത് പുതിയ പ്രതീക്ഷകള്‍ നല്‍കുന്ന ഒരു പരീക്ഷണമാണ് പുറത്തു വന്നിരിക്കുന്നത്. അമേരിക്കയില്‍ ജനിതകപരമായ മാറ്റങ്ങള്‍ വരുത്തിയ പന്നിയുടെ വൃക്ക തലച്ചോറിന് മരണം സംഭവിച്ച രോഗിയില്‍ ഒരു മാസത്തിലധികം വിജയകരമായി പ്രവര്‍ത്തിച്ചതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. അര്‍ബുദം മൂലം തലച്ചോറിന് മരണം സംഭവിച്ച് കോമയില്‍ കിടക്കുന്ന മോറിസ് മോ മില്ലര്‍ എന്ന രോഗിയിലാണ് ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി ലാന്‍ഗോണ്‍ ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ പരീക്ഷണം നടത്തിയത്. മാറ്റി വച്ച പന്നിയുടെ വൃക്ക മനുഷ്യശരീരത്തില്‍ മൂത്ര ഉല്‍പാദനം നടത്തുന്നതായും ക്രിയാറ്റിന്‍ തോത് നിയന്ത്രണ വിധേയമാണെന്നും ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ റോബര്‍ട്ട് മോണ്ട്ഗോമറി പറഞ്ഞു.