സബ്‌ സെന്ററുകൾക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കാൻ ദേശീയ ധനകാര്യ കമ്മീഷൻ മുഖേന 284 കോടി രൂപയുടെ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ 513 സബ് സെന്ററുകള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ ദേശീയ ധനകാര്യ കമ്മീഷന്‍ വഴി 284 കോടി രൂപയുടെ ഭരണാനുമതി. ഒരു സബ് സെന്ററിന് 55.5 ലക്ഷം രൂപ വീതമാണ് അനുവദിച്ചിരിക്കുന്നത്. ഇതുകൂടാതെ 13 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, 5 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പുതിയ കെട്ടിടം സ്ഥാപിക്കാന്‍ 1.43 കോടിയുടെ വീതം അനുമതി ലഭ്യമായിട്ടുള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. 5409 സബ് സെന്ററുകളില്‍ ഇ സഞ്ജീവനി സംവിധാനമൊരുക്കുന്നതിന് 37.86 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ സബ് സെന്ററുകളേയും ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെ അനുമതി നല്‍കിയിരുന്നു. സബ് സെന്ററുകള്‍ കേന്ദ്രീകരിച്ച് ജനപങ്കാളിത്തത്തോടെ എല്ലാവര്‍ക്കും ആരോഗ്യം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.