ഹൃദയാഘാതം യുവാക്കളെക്കാൾ കൂടുതൽ ബാധിക്കുന്നത് യുവതികളെയെന്ന് പഠനം

വാഷിംഗ്‌ടൺ: ഹൃദയാഘാതം യുവാക്കളെക്കാൾ യുവതികളുടെ ജീവിതത്തെ ബാധിക്കുമെന്ന് പഠനം. ജേർണല്‍ ഓഫ് ദ അമേരിക്കന്‍ കോളജ് ഓഫ് കാര്‍ഡിയോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് പുതിയ വിവരം. ഹൃദയാഘാതം വന്ന യുവതികള്‍ ഒരു വര്‍ഷത്തിനുള്ളില്‍ വീണ്ടും ആരോഗ്യ പ്രശ്നങ്ങളുമായി ആശുപത്രിയില്‍ എത്താനുള്ള സാധ്യത കൂടുതലാണെന്നും പഠന റിപ്പോര്‍ട്ടിൽ പറയുന്നു. ഗവേഷണത്തിന്‍റെ ഭാഗമായി ശരാശരി 47 വയസ് പ്രായമുള്ള, 2985 പേരുടെ ആരോഗ്യ വിവരങ്ങളാണ് ഗവേഷകര്‍ വിലയുരുത്തിയത്. ഇതില്‍ 2009 പേര്‍ സ്ത്രീകളും 976 പേര്‍ പുരുഷന്മാരുമായിരുന്നു. ഹൃദയാഘാതം വന്ന പുരുഷന്മാരില്‍ 23 ശതമാനം ഒരു വര്‍ഷത്തിനുള്ളില്‍ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍ സ്ത്രീകളില്‍ ഇത് 35 ശതമാനമായിരുന്നു. ഗവേഷണത്തില്‍ സ്ത്രീകള്‍ക്ക് പുരുഷന്മാരെ അപേക്ഷിച്ച് അമിതവണ്ണം, വൃക്കരോഗം തുടങ്ങിയ രോഗാവസ്ഥകളും കൂടുതലാണെന്ന് കണ്ടെത്തി. ഹൃദ്രോഗത്തെ കുറിച്ചുള്ള ബോധവത്ക്കരണം യുവതികളിൽ കൂടുതല്‍ ആവശ്യമാണെന്നും ഗവേഷണ റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.