എറണാകുളം: രാജ്യത്തിന് വീണ്ടും മാതൃകയായി എറണാകുളം ജനറൽ ആശുപത്രി. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദ്രോഗികള്‍ക്ക് സൗജന്യ മിനിമലി ഇന്‍വേസീവ് കാര്‍ഡിയാക് സര്‍ജറി പദ്ധതി ആരംഭിച്ചു. രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയയും ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും നടന്നത് എറണാകുളം ജനറല്‍ ആശുപത്രിയിലായിരുന്നു. പ്രധാന മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേ ആദ്യമായാണ് ജില്ലാതല ആശുപത്രിയില്‍ സങ്കീര്‍ണമായ മിനിമലി ഇന്‍വേസീവ് കാര്‍ഡിയാക് സര്‍ജറി ആരംഭിക്കുന്നത്. മിനിമലി ഇന്‍വേസീവ് കാര്‍ഡിയാക് സര്‍ജറി പതിവായി നടത്താനുള്ള സൗകര്യം എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്. ഇതിനകം ബൈപ്പാസും, വാല്‍വ് മാറ്റി വയ്ക്കലും ഉള്‍പ്പെടെ 5 മിനിമലി ഇന്‍വേസീവ് കാര്‍ഡിയാക് സര്‍ജറികളാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇതിന് നേതൃത്വം നല്‍കിയ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.