തിരുവനന്തപുരം: ആശുപത്രിയിലെ അക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായി കസ്റ്റഡിയിലുള്ളവരെ വൈദ്യപരിശോധനയ്ക്കെത്തിക്കുമ്പോള്‍ പോലീസ് പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി. പ്രതി ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടോയെന്നും അക്രമാസക്തനാകുമോയെന്നും നേരത്തേ കണ്ടെത്തണമെന്നും കസ്റ്റഡിയിലുള്ളയാളുടെ പക്കല്‍ ആയുധമില്ലെന്ന് ഉറപ്പാക്കണമെന്നും മാര്‍ഗനിര്‍ദേശത്തിൽ പറയുന്നു. ശരീരത്തിലോ വസ്ത്രത്തിലോ ആയുധം, ലഹരിമരുന്ന്, മദ്യം, വിഷം എന്നിവ ഒളിപ്പിച്ചിട്ടില്ലെന്ന് ഉറപ്പാക്കുകയും അക്രമാസക്തനാകുമെന്ന് ബോധ്യപ്പെട്ടാല്‍ അക്കാര്യം ഡോക്ടര്‍മാരെ അറിയിക്കുകയും ചെയ്യണം. അക്രമാസക്തനായാല്‍ ഡോക്ടറുടെ സമ്മതത്തിനു കാത്തുനിൽക്കാതെ പൊലീസിനു ഉടന്‍ ഇടപെടാം. ഇത്തരക്കാരെ വൈദ്യപരിശോധനയ്ക്ക് എത്തിക്കുമ്പോള്‍ ബന്ധുവോ നാട്ടുകാരനോ ഒപ്പമുണ്ടാകണമെന്നും കസ്റ്റഡിയിലുള്ളയാളെ കാണാന്‍ കഴിയുന്ന അകലത്തിലേ അവരെ നിർത്താവുവെന്നും മാർഗ്ഗനിര്ദേശത്തിൽ പറയുന്നു.