തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം. ഭക്ഷ്യമേഖലയിലെ തൊഴിലാളികള്‍ക്കാണ് ആരോഗ്യ വകുപ്പ് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയത്. ഭക്ഷ്യസുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായി ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നവര്‍ക്ക് ടൈഫോയിഡ് വാക്സിന് നിര്‍ബന്ധമാക്കിയിരുന്നു. കാരുണ്യ ഫാര്‍മസികള്‍ വഴി വളരെ കുറഞ്ഞ വിലയില്‍ ടൈഫോയ്ഡ് വാക്സിനും ആരോഗ്യ വകുപ്പ് ലഭ്യമാക്കിയിട്ടുണ്ട്. പൊതുവിപണിയില്‍ 350 രൂപ മുതല്‍ 2000 രൂപയ്ക്ക് മുകളില്‍ വരെയാണ് ടൈഫോയ്ഡ് വാക്സിന്റെ വില. കാരുണ്യ ഫാര്‍മസികള്‍ വഴി വില കുറച്ച് 95.52 രൂപയിലാണ് ടൈഫോയ്ഡ് വാക്സിന് ലഭ്യമാക്കിയിട്ടുള്ളത്. ടൈഫോയ്ഡ് വാക്സിന് എസന്‍ഷ്യല്‍ മരുന്നുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടാത്തതിനാല്‍ കെ.എം.എസ്.സി.എല്‍. വഴി ലഭ്യമാക്കിയിരുന്നില്ല. മെഡിക്കല്‍ സ്റ്റോറുകള്‍ വഴി വിലകൂടിയ വാക്സിന് മാത്രമേ ലഭ്യമാകുന്നുള്ളൂവെന്ന പരാതിയുടെ സാഹചര്യത്തിലാണ് പരമാവധി വിലകുറച്ച് ടൈഫോയ്ഡ് വാക്സിന് ലഭ്യമാക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കെ.എം.എസ്.സി.എല്‍.ന് നിര്‍ദേശം നല്‍കിയത്. ഹോട്ടലുകള്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പും അറിയിച്ചിട്ടുണ്ട്.