തിരുവനന്തപുരം: കേരളത്തിൽ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിക്കുകയും ജീവിതച്ചെലവുകള്‍ കൂടിവരികയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രവാസി പെന്‍ഷന്‍ തുക അയ്യായിരം രൂപയാക്കി ഉയര്‍ത്തണമെന്ന് മാറാക്കര ഗ്ലോബല്‍ കെഎംസിസി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രവാസികള്‍ കേരള സമ്പദ്ഘടനയുടെ നട്ടെല്ലാണെന്നും നാട്ടില്‍ കഷ്ടപ്പെടുന്നവരെയും രോഗികളെയും സഹായിക്കുന്നതില്‍ കെഎംസിസി പ്രവര്‍ത്തകര്‍ അടക്കമുള്ള പ്രവാസികള്‍ എന്നും മുന്നിലാണെന്നും യോഗം ചൂണ്ടിക്കാട്ടി. ജോലി നഷ്ടപ്പെട്ട് മറ്റു വരുമാനമൊന്നുമില്ലാതെ കഷ്ടപ്പെടുന്ന പ്രവാസികളുടെ പെന്‍ഷന്‍ തുക അടിയന്തിരമായി വര്‍ധിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മാറാക്കര ഗ്ലോബല്‍ കെഎംസിസി മെമ്പര്‍മാര്‍ക്കായി ഏര്‍പ്പെടുത്തിയ മെമ്പര്‍ഷിപ്പ് & പ്രിവിലേജ് കാര്‍ഡ് വിതരണം യോഗം അവലോകനം ചെയ്തു. മെമ്പര്‍മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഏറെ ഉപകാരപ്രദമായ പ്രിവിലേജ് കാര്‍ഡ് വിതരണം ചെയ്യാന്‍ കഴിഞ്ഞത് മാറാക്കര ഗ്ലോബല്‍ കെഎംസിസിയുടെ ചരിത്ര നേട്ടമാണെന്ന് യോഗം വിലയിരുത്തി.