പ്രവാസികൾ നാടുകളിലേക്ക് അയക്കുന്ന പണത്തിനു നികുതി ഏർപ്പെടുത്തണമെന്ന് ആവശ്യം

man counting bahrain currency

മനാമ: ബഹ്‌റൈനില്‍ താമസിക്കുന്ന പ്രവാസികള്‍ രാജ്യത്തു നിന്ന് നാടുകളിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി പാര്‍ലമെന്റ് അംഗങ്ങള്‍. ഇത് സംബന്ധിച്ച നിയമനിര്‍മാണ ശുപാര്‍ശ എം.പിമാര്‍ സമര്‍പ്പിച്ചതായി ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 200 ദിനാറില്‍ താഴെയുള്ള തുക പ്രവാസികള്‍ നാടുകളിലേക്ക് അയക്കുമ്പോള്‍ അതിന്റെ ഒരു ശതമാനവും 201 ദിനാര്‍ മുതല്‍ 400 ദിനാര്‍ വരെ അയക്കുമ്പോള്‍ രണ്ട് ശതമാനവും 400 ദിനാറിന് മുകളില്‍ അയക്കുമ്പോള്‍ തുകയുടെ മൂന്ന് ശതമാനവും നികുതിയായി ഈടാക്കണമെന്നാണ് ശുപാര്‍ശയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിക്ഷേപ സംരക്ഷണം, മൂലധന കൈമാറ്റം തുടങ്ങിയ ഇടപാടുകള്‍ക്കും ബഹ്‌റൈനിലെ നികുതി നിയമപ്രകാരം ഇളവുകള്‍ ലഭിക്കുന്ന മറ്റ് ഇടപാടുകള്‍ക്കും ഇളവ് അനുവദിച്ച് നികുതി ശുപാര്‍ശ നടപ്പാക്കണമെന്നാണ് ആവശ്യം. അംഗീകൃത ധനകാര്യ സ്ഥാപനങ്ങള്‍ വഴി പ്രവാസികള്‍ പണം അയക്കുമ്പോള്‍ തന്നെ നികുതിയും ഈടാക്കണം. ശേഷം ഈ സ്ഥാപനങ്ങളില്‍ നിന്ന് ബഹ്‌റൈന്‍ നാഷണല്‍ ബ്യൂറോ ഓഫ് റവന്യൂ നികുതി വരുമാനം ശേഖരിക്കണം. ഏതാണ്ട് 100 കോടി ദിനാറോളം പ്രവാസികള്‍ ബഹ്‌റൈനില്‍ നിന്ന് വര്‍ഷം തോറും സ്വന്തം രാജ്യത്തേക്ക് അയക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.