ചെന്നൈ :തമിഴ്‌നാട്ടിൽ ഗുഡ്ക, പാൻമസാല എന്നിവയുടെ നിർമാണവും വിൽപ്പനയും നിരോധിച്ചുകൊണ്ടുള്ള വിജ്ഞാപനം റദ്ദാക്കി മദ്രാസ് ഹൈക്കോടതി. ഗുഡ്ക ഉൽപ്പന്നങ്ങൾ പൂർണമായും നിരോധിക്കാൻ ഭക്ഷ്യസുരക്ഷാനിയമം വ്യവസ്ഥ ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. ചില അടിയന്തര സാഹചര്യങ്ങളിൽ താൽക്കാലിക നിരോധനം ഏർപ്പെടുത്താനുളള പരിമിത അധികാരം മാത്രമേ പ്രസ്തുത നിയമം നൽകുന്നുള്ളൂവെന്നും ബെഞ്ച് വ്യക്തമാക്കി. ഭക്ഷ്യസംസ്‌കരണത്തിനുള്ള ശാസ്ത്രീയരീതി, ഭക്ഷ്യസുരക്ഷ, ഗുണനിലവാരം എന്നിവ ഉറപ്പാക്കുന്നതിനു വേണ്ടിയുള്ളതാണ് എഫ്എസ്എസ്എ എന്ന് ബെഞ്ച് വ്യക്തമാക്കി. 2013-ൽ തമിഴ്‌നാട് സർക്കാർ ഗുഡ്ക, പാൻമസാല ഉൽപന്നങ്ങളുടെ വിൽപ്പനയ്ക്കും നിർമ്മാണത്തിനും നിരോധനം ഏർപ്പെടുത്തിയിരുന്നു.