പ്രവാസികൾക്ക് തൊഴിൽ കരാറുകളിലെ നിബന്ധനകളിൽ മാറ്റം വരുത്താനുള്ള സമയപരിധി നീട്ടി

ദുബായ്: യുഎഇയില്‍ പ്രവാസികൾക്ക് തൊഴില്‍ കരാറുകളിലെ നിബന്ധനകളിൽ മാറ്റം വരുത്താനുള്ള സമയപരിധി നീട്ടി. 2023 ഡിസംബര്‍ 31 വരെ സമയപരിധി നീട്ടിയതായി രാജ്യത്തെ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. തൊഴില്‍ കരാറുകളുടെ കാലാവധി നിജപ്പെടുത്തിക്കൊണ്ടുള്ള പരിഷ്‍കാരമാണ് ഇവയില്‍ പ്രധാനപ്പെട്ടത്. തൊഴില്‍ കരാറിന്റെ കാലാവധി കഴിഞ്ഞ ശേഷം പ്രത്യേക കരാറുകള്‍ ഇല്ലാതെ തൊഴിലാളിയും തൊഴിലുടമയും തുടരുകയാണെങ്കില്‍ ആദ്യമുള്ള കരാര്‍ അതേ വ്യവസ്ഥകളോടെ തന്നെ ദീര്‍ഘിപ്പിച്ചതായി കണക്കാക്കും. കരാര്‍ പുതുക്കുകയും കാലാവധി ദീര്‍ഘിപ്പിക്കുകയും ചെയ്‍താല്‍ പുതുക്കിയ കാലയളവ് കൂടി തുടര്‍ച്ചയായ സര്‍വീസായി കണക്കാക്കും. പ്രത്യേക കാലാവധി നിശ്ചയിക്കാത്ത തൊഴില്‍ കരാറുകള്‍, പുതിയ തൊഴില്‍ നിയമം പ്രാബല്യത്തില്‍ വന്ന് ഒരു വര്‍ഷത്തിനകം തന്നെ വ്യവസ്ഥകളും നിബന്ധനകളും പാലിച്ച് നിശ്ചിത കാലാവധി നിജപ്പെടുത്തിയ കരാറുകളാക്കി മാറ്റണമെന്നാണ് വ്യവസ്ഥ. 2022 ഫെബ്രുവരി രണ്ടാം തീയ്യതിയാണ് രാജ്യത്ത് പുതിയ തൊഴില്‍ നിയമം പ്രാബല്യത്തില്‍ വന്നത്. ഇതനുസരിച്ച് എല്ലാ തൊഴില്‍ കരാറുകളും നിശ്ചിത കാലയളവിലേക്ക് ആയിരിക്കണം. പരമാവധി മൂന്ന് വര്‍ഷം വരെയാണ് തൊഴില്‍ കരാറുകള്‍ക്കുള്ള കാലാവധി.

LEAVE A REPLY