അത്യാവശ്യ സേവനങ്ങള്‍ക്ക് മിത്ര 181

    സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍ ആരംഭിച്ച 24 മണിക്കൂറും സേവനം ലഭ്യമാകുന്ന എമര്‍ജന്‍സി സംവിധാനമാണ് മിത്ര 181 ഹെല്‍പ് ലൈന്‍. 181 എന്ന ടോള്‍ ഫ്രീ നമ്പരിലൂടെ എല്ലാ മേഖലകളിലെയും വിവരാന്വേഷണവും അത്യാവശ്യ സേവനങ്ങളും കേരളത്തിലെ വനിതകള്‍ക്ക് ലഭ്യമാകുന്നു. വളരെ ജനപ്രിയമായി മാറിയ പദ്ധതിയിലൂടെ ഇതുവരെ സഹായമെത്തിക്കാനായത് 1,25,000 സ്ത്രീകള്‍ക്കാണ്.

    നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും മിത്ര ഹെല്‍പ് ലൈന്‍ വഴി സാധിക്കും. ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിക്കുന്നതിലൂടെ സ്ഥലത്തെ പ്രധാന ആശുപത്രി, പൊലീസ് സ്റ്റേഷന്‍, ആംബുലന്‍സ് സര്‍വ്വീസ് തുടങ്ങിയ സേവനങ്ങളാണ് പ്രധാനമായും ലഭിക്കുന്നത്. കൗണ്‍സിലിംഗ് സേവനങ്ങളും ലഭിക്കും. ടെക്‌നോപാര്‍ക്കിലെ ഓഫീസില്‍ മൂന്ന് ഷിഫ്റ്റുകളിലായി 12 സ്ത്രീകളാണ് 24 മണിക്കൂറും സേവനങ്ങള്‍ നല്‍കുന്നത്. നിയമം, സോഷ്യല്‍ വര്‍ക്ക് എന്നിവയില്‍ പ്രൊഫഷണല്‍ യോഗ്യതയുള്ള വനിതകളാണ് കണ്‍ട്രോള്‍ റൂമിലെ ജീവനക്കാര്‍. മിത്ര 181 ഹെല്‍പ് ലൈന്‍ സേവനം കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് വകുപ്പ്.