110 വയസിൽ തിമിര ശസ്ത്രക്രിയയിലൂടെ കാഴ്ച വീണ്ടെടുത്തു

110 വയസിലും തിമിര ശസ്ത്രക്രിയയിലൂടെ കാഴ്ച വീണ്ടെടുത്ത് നൽകിയിരിക്കുകയാണ് മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജ്. വണ്ടൂർ സ്വദേശി രവിയ്ക്കാണ് മെഡിക്കൽ കോളേജ് നേത്രരോഗ വിഭാഗം ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ പൂർണ വിജയമായിരുന്നു. അപ്രതീക്ഷിതമായി തിരിച്ചുകിട്ടിയ കാഴ്ചയിൽ രവിയും കുടുംബവും സന്തോഷം പങ്കുവെച്ചു. മികച്ച ചികിത്സ നൽകി കാഴ്ചയുടെ ലോകത്തെത്തിച്ച മെഡിക്കൽ കോളേജിലെ മുഴുവൻ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

രണ്ടു കണ്ണുകളിലും യുവിയൈറ്റിസും തിമിരവും ബാധിച്ച് പൂർണമായും കാഴ്ച നഷ്ടപ്പെട്ട അവസ്ഥയിലാണ് രവി മഞ്ചേരി മെഡിക്കൽ കോളേജ് നേത്ര രോഗവിഭാഗത്തിൽ ചികിത്സ തേടിയത്. അദ്ദേഹത്തിന്റെ പ്രായവും മറ്റസുഖങ്ങളും ശസ്ത്രക്രിയക്ക് വെല്ലുവിളി സൃഷ്ടിച്ചിരുന്നു.

നേത്ര രോഗ വിഭാഗം മേധാവി ഡോ. രജനിയുടെ നേതത്വത്തിൽ രണ്ടു കണ്ണുകളുടെയും തിമിര ശസ്ത്രക്രിയ ഒരേ ദിവസം നടത്തി. നേത്രരോഗ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. പി.എസ്. രേഖ, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. വീണ ദത്ത്, അനസ്തേഷ്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഷുഹൈബ് അബൂബക്കർ എന്നിവരുടെ ടീമായിരുന്നു ശസ്ത്രക്രിയ നടത്തിയത്.