മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പത്ത് സ്പിൽവെ ഷട്ടറുകൾ 60 സെന്റി മീറ്റർ വീതം ഉയർത്തി. ഒരു മുന്നറിയിപ്പും ഇല്ലാതെയാണ് തമിഴ്‌നാട് സ്പിൽവേ ഷട്ടറുകൾ തുറന്നതെന്ന് നാട്ടുകാർ പരാതി പറയുന്നു. സെക്കന്റിൽ 8000 ഘനയടിയോളം വെള്ളമാണ് ഡാമിൽ നിന്ന് ഒഴുക്കിവിട്ടത്.
നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് ഉയർത്തിയ പത്ത് ഷട്ടറുകളിൽ ഒമ്പതെണ്ണം അടയ്ക്കുകയും തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് തമിഴ്നാട് കുറയ്ക്കുകയും ചെയ്തു. 30 സെന്റീമീറ്റർ വീതമാണ് ഇപ്പോൾ ഷട്ടറുകൾ ഉയർത്തിയിരിക്കുന്നത്. പെരിയാർ തീരത്തെ ജലനിരപ്പ് ഉയർന്ന് തുടങ്ങിയതും ആശങ്കയാണ്.
മുന്നറിയിപ്പില്ലാതെ വെള്ളം തുറന്ന് വിടരുതെന്നും മുൻകൂട്ടി അറിയിപ്പ് കിട്ടിയാൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതടക്കം മുൻകരുതലുകളെടുക്കാൻ സർക്കാരിനാകുമെന്നും കേരള സർക്കാർ പലവട്ടം തമിഴ്‌നാടിന് നിർദേശം നല്കിയിട്ടുള്ളതാണ്.