തീർഥാടനം ആരംഭിക്കുന്നതിനു മുൻപ് ശബരിമല പാതയിലെ എല്ലാ പൊതുമരാമത്തു റോഡുകളും യുദ്ധകാലാടിസ്ഥാനത്തിൽ ഗതാഗത യോഗ്യമാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഈമാസം 12നകം പ്രവൃത്തികൾ പൂർത്തിയാക്കും. ശബരിമല റോഡുകളുടെ പ്രവൃത്തികൾ വിലയിരുത്തുന്നതിനായി പ്രത്യേക വർക്കിംഗ് കലണ്ടർ തയാറാക്കുമെന്നും പത്തനംതിട്ടയിൽ ചേർന്ന ഉന്നതതലയോഗത്തിൽ മന്ത്രി അറിയിച്ചു.
2022 ജനുവരി 15 മുതൽ മേയ് 15 വരെയുള്ള റോഡ് നിർമ്മാണ പ്രവൃത്തികൾ പ്രത്യേക വർക്കിംഗ് കലണ്ടറിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തും.
പ്രധാന തീർഥാടന പാതയായ പുനലൂർ-മൂവാറ്റുപുഴ റോഡ്, പുനലൂർ-കോന്നി ,കോന്നി – പ്ലാച്ചേരി റീച്ച് എന്നിവയുടെ നിർമാണം പുരോഗമിക്കുകയാണ്. ഈ തീർഥാടന കാലത്ത് തന്നെ റോഡ് നിർമാണം പൂർത്തിയാക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മഴ ടാറിംഗ് ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾക്ക് തടസമാകുന്നുണ്ട്. എങ്കിലും തീർഥാടന പാതയായ മണ്ണാറക്കുളത്തി- ചാലക്കയം പാതയും റാന്നി ചെറുകോൽപ്പുഴ തിരുവാഭരണ പാതയും അടിയന്തരമായി ഗതാഗത യോഗ്യമാക്കും. എല്ലാ റോഡുകളുടെയും വശങ്ങളിലെ കാട് നീക്കം ചെയ്യും. കാഴ്ച മറയ്ക്കുന്ന എല്ലാ തടസങ്ങളും മാറ്റാനും മന്ത്രി നിർദേശിച്ചു.
സംസ്ഥാനത്തെ റോഡുകളിലെ ഓട നിർമാണം ശാസ്ത്രീയമായി വിശകലനം ചെയ്യും. എൻ.എച്ചുകളിലെ പ്രവൃത്തികൾ അഞ്ച് ദിവസത്തിനുള്ളിൽ പൂർത്തീകരിക്കും. സംസ്ഥാനത്തെ 153 പിഡബ്ല്യൂഡി റസ്റ്റ് ഹൗസുകളിലെ നവീകരണ പ്രവൃത്തികൾ പൂർത്തീകരിച്ച് മികച്ച രീതിയിൽ ഉപയോഗപ്രദമാക്കുമെന്നും ഈ വർഷം സൗകര്യപ്രദമായ യാത്ര ശബരിമല തീർഥാടകർക്ക് ഉറപ്പുവരുത്തുമെന്നും മന്ത്രി അറിയിച്ചു.