ലൈസൻസില്ലാതെ പണം പലിശയ്ക്ക് കൊടുക്കുന്നത് ശിക്ഷാർഹമാണോ?

ലൈസൻസില്ലാതെ പണം പലിശയ്ക്ക് കൊടുക്കുന്നത് കേരള മണി ലെൻഡേർസ് ആക്ട്, 1958 (Kerala Money Lenders Act, 1958) സെക്ഷൻ 17 പ്രകാരം കുറ്റകരമാണ്. നിയമത്തിന്റെ സെക്ഷൻ 2(7) പ്രകാരം പലിശക്കാരന്റെ പ്രധാന തൊഴിൽ അല്ലെങ്കിൽ ഉപതൊഴിൽ പണം പലിശയ്ക്ക് കൊടുക്കുന്നതായിരിക്കേണ്ടതാണെന്ന തെളിവ് കടക്കാരന്റെ കൈവശം ഉണ്ടായിരിക്കണം. അതായത് അയൽവക്കക്കാരന്റെ കയ്യിൽ നിന്നും കൈവായ്പ വാങ്ങിയതിനുശേഷം അയ്യാൾക്കെതിരെ കേസ് കൊടുക്കുവാൻ സാധിക്കില്ലായെന്നർത്ഥം.

മാത്രവുമല്ല ബ്ലാങ്ക് ചെക്ക്, മുദ്ര പത്രങ്ങൾ, പ്രോമിസ്സറി നോട്ട്, സ്വർണ്ണം, മറ്റു രേഖകൾ സെക്യൂരിറ്റിയായി വാങ്ങിവച്ചുകൊണ്ട് അമിത പലിശ ഈടാക്കുന്നത് Kerala Prohibition of Charging Exorbitant Interest Act, 2012 പ്രകാരവും കുറ്റകരമാണ്. പണം തിരികെ ലഭിക്കുവാൻ കടക്കാരനെയോ അയ്യാളുടെ കുടുംബക്കാരെയോ മാനസികമായും ശരീരികമായും ഉപദ്രവിക്കുന്നത് നിയമത്തിന്റെ 9 (b) പ്രകാരം ഒരു വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

ഈ നിയമത്തിന്റെ സെക്ഷൻ 9 (2) പ്രകാരം Harassment മൂലം കടം വാങ്ങിയ ആൾ ആത്മഹത്യ ചെയ്യുകയാണെങ്കിൽ പലിശക്കാരന് അഞ്ചു വർഷം തടവും 50,000 രൂപ പിഴയും ലഭിക്കും. മറ്റു വകുപ്പുകൾ വേറെയുമുണ്ടാവും.

വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ പണം പലിശയ്ക്ക് കൊടുക്കുവാൻ ലൈസൻസ് ലഭിച്ചിട്ടുണ്ടെങ്കിൽ ഒരു ബോർഡ്‌ മറ്റുള്ളവർ കാണുന്ന രീതിയിൽ പ്രദർശിപ്പിച്ചിരിക്കണം.

പരാതിയുണ്ടെങ്കിൽ പോലീസിൽ രേഖാമൂലം സമർപ്പിക്കുക. നടപടി എടുത്തില്ലെങ്കിൽ പരാതിക്കാരന് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാവുന്നതാണ്.

LEAVE A REPLY