ഉക്കിനടുക്ക കാസറഗോഡ് ഗവ.മെഡിക്കല്‍ കോളേജില്‍ ഔട്ട് പേഷ്യന്റ് ചികിത്സാ വിഭാഗം ഡിസംബര്‍ ആദ്യവാരം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ന്യൂറോളജസ്റ്റിനെ അടിയന്തരമായി നിയമിക്കും. കാസറഗോഡ് മെഡിക്കല്‍ കോളേജിന്റെ ചുമതല വഹിക്കുന്ന ഡോ. ആദര്‍ശിന്റെ അധ്യക്ഷതയില്‍ മെഡിക്കല്‍ കോളേജാശുപത്രിയുടേയും അനുബന്ധ സ്ഥാപനങ്ങളുടേയും നിര്‍മാണപുരോഗതി പരിശോധിച്ച് വിലയിരുത്തി അവലോകനം ചെയ്യുന്നതിന് പ്രത്യേക സമിതിയെ നിയമിക്കും.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെ സമയബന്ധിതമായി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന് ഉറപ്പു വരുത്താന്‍ നിയോഗിക്കും. നിര്‍മാണം വൈകിപ്പിക്കരുതെന്ന് യോഗത്തില്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങള്‍ പരമാവധി വേഗത്തില്‍ പരിഹരിക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ടാറ്റാ ട്രസ്റ്റ് ഗവ.കോവിഡ് ആശുപത്രി ഭാവിയില്‍ ഏതു നിലയിലുള്ള ആശുപത്രിയായി പരിഗണിക്കണമെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉദുമ എം എല്‍ എ യുടെ സാന്നിധ്യത്തില്‍ ഇതു സംബന്ധിച്ച് തിരുവനന്തപുരത്ത് യോഗം നടത്തിയിരുന്നു. കാഞ്ഞങ്ങാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ അവശേഷിക്കുന്ന നിര്‍മാണ പ്രവര്‍ത്തികള്‍ മാര്‍ച്ച് അവസാനം പൂര്‍ത്തിയാക്കുമെന്ന് യോഗത്തില്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.
കാത്ത് ലാബ് ജില്ലാ ആശുപത്രിയില്‍ ഡിസംബറില്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് ലക്ഷ്യം. ഇതിനാവശ്യമായ ജീവനക്കാരെ ആശുപത്രി വികസന ഫണ്ട് ഉപയോഗിച്ച് നിയമിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുന്നതിനും മന്ത്രി നിര്‍ദ്ദേശം നല്‍കി.