വിജയദശമി ദിനമായ ഇന്ന് സംസ്ഥാനത്തൊട്ടാകെ അനേകം കുഞ്ഞുങ്ങൾ ക്ഷേത്രങ്ങളിലും സംസ്കാര സ്ഥാപനങ്ങളിലുമായി അറിവിന്റെ ആദ്യാക്ഷരം കുറിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ക്ഷേത്രങ്ങളിലും വിവിധ കേന്ദ്രങ്ങളിലും വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കൊവിഡ് പശ്ചാത്തലത്തിൽ പതിവിൽ നിന്ന് മാറി ആചാര്യൻമാരുടെ നിർദ്ദേശപ്രകാരം മാതാപിതാക്കളാണ് കുട്ടികളെ എഴുത്തിനിരുത്തുന്നത്.
കൊവിഡ് കണക്കിലെടുത്ത് ഇത്തവണ തുഞ്ചൻ പറമ്പിൽ എഴുത്തിനിരുത്ത് ചടങ്ങുകളില്ല. കോട്ടയം പനച്ചിക്കാട് ദേവിക്ഷേത്രം, കോഴിക്കോട് തളിയിൽ ക്ഷേത്രം, പാലക്കാട് ചിറ്റൂർ തുഞ്ചൻ മഠം,തിരുവനന്തപുരം ഐരാണിമുട്ടം തുഞ്ചൻ സ്മാരകം എന്നിവയടക്കം വിവിധയിടങ്ങളിൽ പുലർച്ചെ മുതൽ എഴുത്തിനിരുത്ത് ചടങ്ങ് തുടങ്ങി. മുൻകൂട്ടി ബുക്ക് ചെയ്തവർക്കാണ് എഴുത്തിനിരുത്ത് ചടങ്ങ് നടത്തുന്നത്.