കേരളത്തിൽ കനത്ത മഴയെ തുടർന്നുള്ള ഏത് അടിയന്തിര സാഹചര്യങ്ങളേയും നേരിടുന്നതിന് സംസ്ഥാനം സജ്ജമാണെന്ന് റവന്യു വകുപ്പ് മന്ത്രി കെ.രാജൻ. സംസ്ഥാന സർക്കാരിന്റെ വിവിധ ഏജൻസികളുടെ ഏകോപനം ഉറപ്പാക്കിയിട്ടുണ്ടെന്നും നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സിന്റെ 6 ടീമുകൾ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലായി ക്യാമ്പ് ചെയ്യുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. അതോടൊപ്പം ആർമിയും പ്രതിരോധ സേനയും സാഹചര്യങ്ങളെ നേരിടുന്നതിനായി തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ട്.
അറബിക്കടലിൽ ഉണ്ടായിരിക്കുന്ന ചക്രവാത ചുഴി രണ്ട് ദിവസം കൂടി തുടരുമെന്നാണ് മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളത്. പടിഞ്ഞാറെ പസഫിക് സമുദ്രത്തിലെ കൊമ്പസു ചുഴലിക്കാറ്റിന്റെ സ്വാധീനം തുടരുകയാണ്. ബുധനാഴ്ചയോടു കൂടി ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ധം രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും ഒക്ടോബർ 15 ഓടെ ശക്തിപ്രാപിച്ച് ആന്ദ്ര-ഒഡിഷ തീരത്തെ കരയിലേക്ക് പ്രവേശിക്കാനുള്ള സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. എറണാകുളം, ഇടുക്കി, തൃസൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് നിലവിൽ 27 ക്യാമ്പുകളാണ് ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്. 27 ക്യാമ്പുകളിലായി 622 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ള പരിസ്ഥിതി ദുർബല സ്ഥലങ്ങളിൽ താമസിക്കുന്നവരെ നേരത്തെ തന്നെ ക്യാമ്പിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. സംസ്ഥാന, ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. പശ്ചിമഘട്ട മലനിരകളിൽ 3 ദിവസത്തേക്ക് രാത്രി യാത്രാ നിരോധനം ഏർപ്പെടുത്തിയതായും, മത്സ്യബന്ധനത്തിൽ നിന്നും ജനങ്ങൾ മാറി നിൽക്കണമെന്നും മന്ത്രി പറഞ്ഞു. ഡാമുകളുടെ റൂൾ കർവുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ചെറിയ ഡാമുകളിൽ നേരത്തെ തന്നെ തയ്യാറെടുപ്പുകൾ നടത്തുന്നതിനും കെ.എസ്.ഇ.ബി, ഇറിഗേഷൻ, വാട്ടർ അതോറിറ്റി വകുപ്പുകൾ നിർദ്ദേശം നൽകിയിട്ടുണ്ട്.
പോലീസും, അഗ്നി രക്ഷാ സേനയും അതീവ ജാഗ്രതയോടെ ആക്ഷനുകൾക്ക് തയ്യാറായി ഇരിക്കുന്നതിനും ഫയർ & റസ്ക്യു സേനയും, സിവിൽ ഡിഫെൻസും രക്ഷാപ്രവർത്തനങ്ങൾക്ക് സജ്ജമായി ഇരിക്കുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്. വൈദ്യുതി മൂലമുണ്ടാകുന്ന അപകടങ്ങൾ ലഘൂകരിക്കുന്നതിന് ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കുവാൻ കെ.എസ്.ഇ.ബിക്ക് നിർദ്ദേശം നൽകി. കെ.എസ്.ഇ.ബി കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കേണ്ടതുമാണെന്നും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.