കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ‘സുമിത്രം’ വിവിധോദ്ദേശ്യ വായ്പാ പദ്ധതി പ്രഖ്യാപിച്ചു. പദ്ധതിയനുസരിച്ച് ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളുടെ വിവാഹത്തിന് രക്ഷിതാക്കള്‍ക്ക് ആറുശതമാനം പലിശ നിരക്കില്‍ അഞ്ചു ലക്ഷംരൂപ വരെ വായ്പ അനുവദിക്കും. മാരകമായ അസുഖം വന്ന് ബുദ്ധിമുട്ടുന്ന രോഗികള്‍ക്കായി, അഞ്ചുശതമാനം പലിശ നിരക്കില്‍ അഞ്ചു ലക്ഷം രൂപ വരെ വായ്പ അനുവദിക്കും.
കോവിഡ് പ്രതിസന്ധിമൂലം വരുമാനമാര്‍ഗ്ഗം നഷ്ടപ്പെട്ടവര്‍ക്ക് പുതിയ സ്വയംതൊഴില്‍ കണ്ടെത്താനും നിലവില്‍ സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്ക് കച്ചവടം വിപുലീകരിക്കുന്നതിനുമായി അഞ്ചുശതമാനം പലിശനിരക്കില്‍ അഞ്ചുലക്ഷം രൂപ വരെ വായ്പ അനുവദിക്കും. നിലവിലുള്ള വായ്പാ പദ്ധതികളുടെ മാനദണ്ഡങ്ങളില്‍ മാറ്റംവരുത്തിയിട്ടുമുണ്ട്.
എന്‍.എം.ഡി.എഫ്.സി വഴി നടപ്പാക്കുന്ന ക്രെഡിറ്റ് ലൈന്‍ 1 ആന്റ് 2 വിദേശപഠനത്തിന് അനുവദിക്കുന്ന വിദ്യാഭ്യാസവായ്പാ തുക 20 ലക്ഷത്തില്‍ നിന്നും 30 ലക്ഷമാക്കി ഉയര്‍ത്തി. ഒരുവര്‍ഷം നല്‍കാവുന്ന പരമാവധി വായ്പ തുക ആറുലക്ഷം രൂപയാണ്. കെ.എസ്.എം.ഡി.എഫ്.സി ഫണ്ട് ഉപയോഗിച്ച് നല്‍കിവരുന്ന സ്വയംതൊഴില്‍, ബിസിനസ് വിപുലീകരണ വായ്പ എന്നിവയ്ക്ക് സംയുക്ത അപേക്ഷകരുടെ സംരംഭങ്ങള്‍ക്കും വായ്പ അനുവദിക്കും. പ്രവാസി/വിസലോണിന്റെ വരുമാനപരിധി എല്ലാ മേഖലകളിലുള്ളവര്‍ക്കും(നഗരം/ഗ്രാമം) ആറു ലക്ഷമാക്കി വര്‍ധിപ്പിച്ച് പുതുക്കി നിശ്ചയിച്ചു.
ഭവന വായ്പാ പദ്ധതി എപ്പോഴും അപേക്ഷിക്കാവുന്ന രീതിയിലേക്ക് മാറ്റുകയും പലിശ നിരക്ക് എട്ടു ശതമാനത്തില്‍ നിന്നും ആറു ശതമാനമാക്കി കുറച്ചിട്ടുണ്ട്. താഴ്ന്ന വരുമാനമുള്ള ഗവണ്‍മെന്റ് ഉദ്ദ്യോഗസ്ഥര്‍ക്ക് വിവിധോദ്ദേശവായ്പയുടെ വരുമാന പരിധി ആറു ലക്ഷംരൂപയാക്കി പുതുക്കി നിശ്ചയിച്ചു.പാരന്റ് പ്ലസ് സ്‌കീം പ്രകാരം വിദ്യാഭ്യാസവായ്പാ തുക പരിധി 10 ലക്ഷത്തില്‍ നിന്നും 15 ലക്ഷമാക്കി പുതുക്കി.
അപേക്ഷകള്‍ https://ksmdfc.org/ എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് നേരിട്ടോ തപാലിലോ കോര്‍പ്പറേഷന്റെ റീജിയണല്‍ ഓഫീസില്‍ എത്തിക്കണം. തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ അപേക്ഷകര്‍ തിരുവനന്തപുരം റീജിയണല്‍ ഓഫീസില്‍ അപേക്ഷകള്‍ എത്തിക്കണം. കേരള സ്റ്റേറ്റ് മൈനോറിറ്റീസ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ ലിമിറ്റഡ്, റീജീയണല്‍ ഓഫീസ്, സെക്കന്റ് ഫ്‌ളോര്‍, സമസ്ത ജൂബിലി ബില്‍ഡിംഗ്‌സ്, മേലേ തമ്പാനൂര്‍, തിരുവനന്തപുരം 695001. ഫോണ്‍: 04712324232, 9656360334 എന്ന വിലാസത്തില്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം.