തിരുവനന്തപുരം : കോവിഡ് വ്യാപനം ഭയപ്പെടേണ്ടതില്ലാത്ത സാഹചര്യത്തിലേക്ക് എത്തുന്നതിനാല്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിനുള്ള ഗൗരവതരമായ ആലോചനകള്‍ നടന്നു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ അറിവും അനുഭവസമ്പത്തുമുള്ള വിദഗ്ധരുമായി ചര്‍ച്ചകള്‍ നടക്കുന്നു. നമ്മുടെ വ്യവസായവ്യാപാര മേഖലകളുടെ പുനരുജ്ജീവനവും അടിയന്തരമായി നടപ്പിലാക്കുന്നതിനുള്ള ഇടപെടലുകളും ഉണ്ടാകും.
കോളേജുകള്‍ തുറക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള കോവിഡ് വാക്സിനേഷന് സൗകര്യമൊരുക്കും. കോളേജുകളിലെത്തുന്നതിന് മുമ്പ് എല്ലാ വിദ്യാര്‍ത്ഥികളും കോവിഡ് വാക്സിന്‍ ഒരു ഡോസെങ്കിലും എടുക്കണം. രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്നതിന് കാലാവധി ആയവര്‍ രണ്ടാമത്തെ ഡോസ് വാക്സിനും സ്വീകരിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് വാക്സിന്‍ ലഭിക്കുന്നതിന് തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായോ ആശാ പ്രവര്‍ത്തകരുമായോ ബന്ധപ്പെടണം.
കോളേജ് വിദ്യാര്‍ത്ഥികളുടെ വാക്സിനേഷന്‍ ആരോഗ്യ വകുപ്പും ഉന്നതവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തും. സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ച് വാക്സിന്‍ എടുക്കാത്ത വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും കണക്കെടുത്ത് ഉന്നതവിദ്യാഭ്യാസ വകുപ്പ് ആരോഗ്യ വകുപ്പിന് നല്‍കും. അതടിസ്ഥാനമാക്കി അവിടെത്തന്നെ വാക്സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ആരും വാക്സിനെടുക്കാതെ മാറി നില്‍ക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.