ക്ഷയരോഗികളെ കണ്ടെത്താനായി എന്റെ ക്ഷയരോഗമുക്ത കേരളം പദ്ധതിയുടെ ഭാഗമായി ക്ഷയരോഗികളെ കണ്ടെത്താൻ അക്ഷയ കേരളം കാമ്പയിന്‍ വീണ്ടും ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ക്ഷയരോഗം കണ്ടെത്താതെ സമൂഹത്തില്‍ കഴിയുന്ന 1600 ഓളം ക്ഷയരോഗ ബാധിതരെ എങ്കിലും അടുത്ത രണ്ടു മാസത്തിനുള്ളില്‍ കണ്ടെത്തി വിദഗ്ധ ചികിത്സ നല്‍കുകയാണ് കാമ്പയിന്റെ മുഖ്യ ലക്ഷ്യമെന്നും നവംബര്‍ ഒന്നുവരെ നീണ്ടുനില്‍ക്കുന്ന കാമ്പയിനില്‍ വിപുലമായ പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
ക്ഷയരോഗ നിര്‍ണയത്തിനും ക്ഷയരോഗനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും കോവിഡ് മഹാമാരി കടുത്ത വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ അതുകൂടി മറികടക്കാനാണ് ദേശീയ ശ്രദ്ധ നേടിയ അക്ഷയ കേരളം ക്യാമ്പയിന്‍ വീണ്ടും ആരംഭിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. കാമ്പയിന്റെ ഭാഗമായി ക്ഷയരോഗ ബാധിതര്‍ കൂടുതലായി കണ്ടെത്തിയിട്ടുള്ള പ്രദേശങ്ങള്‍ നിരീക്ഷിക്കുകയും ഇവിടങ്ങളിലെ വീടുകളിലും ഓഫിസുകളിലും വ്യാപാര സ്ഥാപനങ്ങളിലും ക്ഷയരോഗ നിര്‍ണയ പരിശോധനകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തുകയും ചെയ്യും.
ടിബി വള്‍നറബിലിറ്റി ലിസ്റ്റില്‍നിന്ന് ക്ഷയരോഗ സാധ്യതയുണ്ടന്ന് കണ്ടെത്തിയിട്ടുള്ള വ്യക്തികളില്‍ ക്ഷയരോഗനിര്‍ണയം നടത്തും. കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകളിലും എത്തുന്നവര്‍ക്കും ശ്വാസകോശ സംബന്ധമായ മറ്റ് രോഗങ്ങളുള്ളവര്‍ക്കും ടിബിയുടേയും കോവിഡിന്റേയും ദ്വിദിശ സ്‌ക്രീനിംഗ് നടത്തും. ടിബി ആരോഗ്യ സാഥി ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതിന് ആരോഗ്യ പ്രവര്‍ത്തകരെയും രോഗികളെയും ചികിത്സാ സഹായകരെയും പൊതുജനങ്ങളെയും പഠിപ്പിക്കുകയും ബോധവല്‍ക്കരിക്കുകയും ചെയ്യും.
ശ്വാസകോശത്തില്‍ ക്ഷയരോഗം ബാധിച്ച രോഗികളുമായി സമ്പര്‍ക്കത്തില്‍ കഴിയുന്ന 15 വയസിന് താഴെയുള്ള എല്ലാ കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും ടെസ്റ്റ് ആന്‍ഡ് ട്രീറ്റ് സമീപനത്തിലൂടെയുളള ഘട്ടംഘട്ടമായി ക്ഷയരോഗ പ്രതിരോധചികിത്സ നല്‍കും. ആദിവാസി ഊരുകള്‍, ജയിലുകള്‍, അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍, വൃദ്ധസദനങ്ങള്‍ കേന്ദ്രീകരിച്ചും അഗതികള്‍ക്കും, പ്രവാസികള്‍ക്കും, തീരപ്രദേശങ്ങളിലുള്ളവര്‍ക്കും, ക്ഷയരോഗ സംരക്ഷണ സംവിധാനങ്ങളും, തുടര്‍സേവനങ്ങളും നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.