കണ്ടെയ്ൻമെന്റ് സോണിൽ കോവിഡ് ഇല്ലാത്ത എല്ലാവർക്കും വാക്‌സിനേഷൻ

കണ്ടെയ്ൻമെന്റ് സോണിൽ കോവിഡ് ഇല്ലാത്ത എല്ലാവർക്കും വാക്‌സിനേഷൻ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ടെയ്ൻമെന്റ് സോണുകളിൽ എല്ലാവർക്കും പരിശോധന നടത്തി, നെഗറ്റീവ് റിസൽട്ടുള്ള മുഴുവൻ പേരേയും മുൻഗണന നൽകി വാക്‌സിനേറ്റ് ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് ആഗസ്റ്റ് 14, 15, 16 തീയതികളിൽ വാക്‌സിനേഷൻ ഡ്രൈവ് നടത്തും. ജില്ലകളുടെ വലിപ്പത്തിനനുസരിച്ച് 10 ജില്ലകൾ ഒരു ദിവസം 40,000 വാക്‌സിനേഷനും മറ്റു നാലു ജില്ലകൾ 25,000 വാക്‌സിനേഷനും നൽകണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. എല്ലാ പൊതുപരിപാടികൾക്കും മുൻകൂർ അനുമതി വാങ്ങണം. സർക്കാർ ഓഫീസുകളിൽ ഓണത്തോടനുബന്ധിച്ച് പൂക്കളമിടുന്നതൊഴികെയുള്ള ആഘോഷപരിപാടികൾ ഒഴിവാക്കണം.

ഓൺലൈൻ ക്ലാസ്സുകൾ, പരീക്ഷകൾ, പ്ലസ് വൺ പ്രവേശനം എന്നിവ ആരംഭിക്കേണ്ടതിനാൽ അദ്ധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കും.