മുൻകൂട്ടി നിശ്ചയിച്ച സാംപ്ലിങ് പ്രകാരം തിരഞ്ഞെടുക്കപ്പെട്ടവരുടെ രക്തത്തിലുള്ള ആന്റിബോഡി സാന്നിധ്യം നിർണയിക്കുകയാണ് സീറോ പ്രിവിലെൻസ് സർവേയിലൂടെ നടത്തുന്നത്. സമൂഹത്തിൽ എത്ര ശതമാനം പേർക്ക് രോഗപ്രതിരോധ ശേഷി ആർജിക്കാൻ കഴിഞ്ഞെന്ന് ഈ സർവേയിലൂടെ കണ്ടെത്താം. രോഗം വന്ന് ഭേദമായവരിലും വാക്‌സിൻ സ്വീകരിച്ചവരിലും കോവിഡ് വൈറസിന് എതിരായ ആന്റിബോഡികളുണ്ടാകും.
ജൂൺ 14 നും ജൂലൈ 6 നും ഇടയിൽ ഐസിഎംആർ സീറോ പ്രിവിലെൻസ് സർവ്വേ നടത്തിയിരുന്നു. 11 സംസ്ഥാനങ്ങളിലെ ജനങ്ങൾക്കിടയിൽ നടത്തിയ സർവേയിൽ ആന്റിബോഡി സാന്നിധ്യം ഏറ്റവും കുറവ് കേരളത്തിലാണെന്ന് നിഗമനം. കോവിഡ് വ്യാപനത്തിന്റെ തോത് ദേശീയ തലത്തിൽ കണ്ടെത്താൻ വേണ്ടിയാണ് ഐസിഎംആർ സീറോ സർവേ നടത്തുന്നത്. സംസ്ഥാനങ്ങളിൽ നടത്തിയ സർവേയിൽ മൂന്നിൽ രണ്ട് പേർക്കും ആന്റിബോഡി സാന്നിധ്യം ഉണ്ടെന്ന് കണ്ടെത്തി.
കേരളത്തിൽ 44.4 % മാത്രമാണ് കോവിഡ് ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയത്. മറ്റ് സംസ്ഥാനങ്ങളുടെ കണക്കുകൾ ചുവടെ കൊടുക്കുന്നു;
മധ്യപ്രദേശ് – 79%
ആസാം – 50.3
മഹാരഷ്ട്ര – 58
രാജസ്ഥാൻ – 76.2
ബിഹാർ – 75.9
ഗുജറാത്ത് – 75.3
ഛത്തീസ്ഗഢ് – 74.6
ഉത്തരാഖണ്ഡ് – 73.1
ഉത്തർപ്രദേശ് – 71
ആന്ധ്രപ്രദേശ് – 70.2
കർണാടക – 69.8
തമിഴ്നാട് – 69.2
ഒഡിഷ – 68.1 %
ഐസിഎംആർ രാജ്യത്തെ 70 ജില്ലകളിൽ നടത്തിയ നാലാംവട്ട സർവേയുടെ ഫലം കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് പുറത്തുവിട്ടത്. ഐസിഎംആറുമായി സഹകരിച്ച് സ്വന്തമായി സീറോ സർവ്വേ നടത്തണമെന്നും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.