കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളോടും കേന്ദ്രത്തോടും ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്ന് നിർദേശിച്ച് സുപ്രീംകോടതി. കോവിഡ് രണ്ടാം തരംഗം രാജ്യത്തെ മുൾമുനയിലാക്കി അതിവേഗം കുതിക്കുന്ന പുതിയ സാഹചര്യത്തിൽ രാജ്യത്ത് വീണ്ടും ലോക്ഡൗൺ പ്രഖ്യാപിക്കണമെന്നും പ്രതിരോധ നടപടികൾ ഊർജിതമാക്കണമെന്നുമുള്ള നിര്‍ദേശമാണ് കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും സുപ്രീം കോടതി നല്‍കിയത്. കോവിഡിന്‍റെ രണ്ടാം വ്യാപനം തടയാൻ സർക്കാരുകൾ സ്വീകരിച്ച നടപടി സംബന്ധിച്ചുള്ള വിശദീകരണം ഉദ്യോഗസ്ഥരിൽനിന്ന് കേട്ട ശേഷമായിരുന്നു കോടതിയുടെ നിര്‍ദേശം.
ആളുകള്‍ ഒത്തുചേരുന്നതും പരിപാടികൾ നടത്തുന്നത് വിലക്കിയും സർക്കാരുകൾ ഉത്തരവിറക്കണം. പൊതുജന താൽപര്യാർഥം ലോക്ക്ഡൗണും പ്രഖ്യാപിക്കണം. ലോക്ക്ഡൗണിൽ കുടുങ്ങാനിടയുള്ള അവശ്യ വിഭാഗങ്ങളുടെ സംരക്ഷണത്തിന് നടപടികൾ സ്വീകരിക്കണമെന്നും കോടതി നിര്‍ദേശങ്ങളിലുണ്ട്.
2020 മാർച്ചില്‍ ആണ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ആദ്യമായി ലോക്ക്ഡൌൺ പ്രഖ്യാപിച്ചത്. ഇതിനെ തുടർന്ന് ലക്ഷക്കണക്കിന് ആളുകൾ രാജ്യത്തിന്‍റെ പല ഭാഗങ്ങളിൽ കുടുങ്ങിയിരുന്നു. എന്നാല്‍ കടുത്ത നിയന്ത്രണങ്ങളുണ്ടാകും എന്ന് മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. സംസ്ഥാനത്ത് നിലവില്‍ ലോക്ക്ഡൌണ്‍ വേണ്ടെന്നായിരുന്നു മന്ത്രിസഭാ തീരുമാനം.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനം ഉള്ള ജില്ലകളില്‍ ലോക്ക്ഡൌണ്‍ എന്ന കേന്ദ്ര നിര്‍ദേശം വന്നെങ്കിലും വേണ്ട എന്നായിരുന്നു സംസ്ഥാന തീരുമാനം, പകരം കര്‍ശന നിയന്ത്രണങ്ങളും രാത്രികാല കര്‍ഫ്യൂവും വാരാന്ത്യ നിയന്ത്രണവും തുടരും. സമ്പൂര്‍ണ അടച്ചുപൂട്ടല്‍ ജനജീവിതത്തെ കൂടുതല്‍ ദുരിതത്തിലാക്കുമെന്ന വിലയിരുത്തലാണ് സംസഥാനത്തെക്കൊണ്ട് ഇത്തരമൊരു തീരുമാനം എടുപ്പിച്ചത്.