കേരളീയർ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെപ്പറ്റി പൂർണ്ണ ബോധമുള്ളവർ – ടിക്കാറാം മീണ

കേരളത്തിലെ ജനങ്ങള്‍ തെരെഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെപ്പറ്റി പൂര്‍ണ്ണ ബോധമുള്ളവരാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണ. മ്യൂസിയം റേഡിയോ പാര്‍ക്കില്‍ സ്വീപും (സിസ്റ്റമെറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ ) ശുചിത്വ മിഷനും സംയുക്തമായി സജ്ജീകരിച്ച മാതൃകാ ഹരിത പോളിങ് ബൂത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാതൃകാ ഹരിത പോളിങ് ബൂത്ത് പോലുള്ള സ്വീപിന്റെ നേതൃത്വത്തിലുള്ള പ്രചരണ പരിപാടികള്‍ വോട്ടര്‍മാരെ കൂടുതല്‍ ആകര്‍ഷിക്കും. യുവജനങ്ങളും കന്നി വോട്ടര്‍മാരും തെരഞ്ഞെടുപ്പിനെ കൂടുതല്‍ ഗൗരവത്തോടെ സമീപിക്കണമെന്നും കോവിഡ് മാനദണ്ഡങ്ങളും ഹരിതചട്ടവും കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിലെ ഹരിതചട്ടം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിനായാണ് മാതൃകാ പോളിംഗ് ബൂത്ത് സജ്ജീകരിച്ചിരിക്കുന്നത്. മാര്‍ച്ച് 19 മുതല്‍ ഏപ്രില്‍ ആറുവരെ മാതൃകാ പോളിങ് ബൂത്ത് പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം. രാവിലെ പത്തുമുതല്‍ വൈകിട്ട് ഏഴുവരെയാണ് ബൂത്ത് പ്രവര്‍ത്തിക്കുന്നത്. ഹരിത ചട്ടം പാലിച്ചു വോട്ട് രേഖപ്പെടുത്തുന്നത് എങ്ങനെയെന്നു മനസിലാക്കാന്‍ വിവിധ ബോധവത്ക്കരണോപാധികള്‍ ബൂത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. കോവിഡിന്റെ സാഹചര്യത്തില്‍ പോളിംഗ് ബൂത്തില്‍ ഉണ്ടാകുന്ന ബയോമെഡിക്കല്‍ വേസ്റ്റ് ഉള്‍പ്പെടെയുള്ളവ തരംതിരിച്ച് ശേഖരിച്ച് നിര്‍മാര്‍ജനം ചെയ്യുന്നത് എങ്ങനെയെന്നും ഇവിടെനിന്നും മനസ്സിലാക്കാനാകും. കൂടാതെ കോവിഡ് മാനദണ്ഡങ്ങളും ഹരിതചട്ടവും പാലിച്ച് എങ്ങനെ വോട്ട് ചെയ്യണമെന്നും ഇവിടെ നിന്നറിയാം. മോക്ക് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രവും ബൂത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.