യാത്രാവിലക്കില്‍ നിയന്ത്രണം കടുപ്പിച്ച് സൗദി: പ്രവാസി ഇന്ത്യക്കാര്‍ ആശങ്കയില്‍

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇന്ത്യയും യു.എ.ഇയും അടക്കം 20 രാജ്യങ്ങളില്‍നിന്നുള്ള വിദേശികള്‍ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയ സൗദി അറേബ്യയുടെ നടപടിയില്‍ വലഞ്ഞ് പ്രവാസി ഇന്ത്യക്കാര്‍. ഇന്ത്യയില്‍നിന്നും സൗദിയിലേക്കുള്ള വിമാന വിലക്ക് ഉടന്‍ നീങ്ങിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് സൗദിയുടെ നടപടി. ഇതോടെ അവധിക്കായി ഇന്ത്യയില്‍ എത്തി മടങ്ങാന്‍ കാത്തിരിക്കുന്നവരും ജോലിക്കായി സൗദിയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നവരും ഇനിയും കാത്തിരിക്കേണ്ടിവരും.

മുമ്പ് വിലക്ക് ഏര്‍പ്പെടുത്താത്ത രാജ്യങ്ങളില്‍ 14 ദിവസം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് മാത്രമാണ് സൗദി ഭരണകൂടം രാജ്യത്തേയ്ക്ക് പ്രവേശനം അനുവദിച്ചിരുന്നുള്ള. ഇതിനായി ഇന്ത്യാക്കാരടക്കം ആശ്രയിച്ചിരുന്നത് യു.എ.ഇയെ ആണ്. എന്നാല്‍ യു.എ.ഇയും വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചതോടെ ഇന്ത്യക്കാര്‍ക്കുള്ള സൗദി പ്രവേശനം കൂടുതല്‍ സങ്കീര്‍ണമായി. ആരോഗ്യ പ്രവര്‍ത്തകര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍ തുടങ്ങി മുഴുവന്‍ ആളുകള്‍ക്കും നിയന്ത്രണം ബാധകമാണ്. നിലവില്‍ യു.എ.ഇയില്‍ ക്വാറന്റൈനില്‍ കഴിയുന്ന, ബുധനാഴ്ചയ്ക്ക് മുമ്പ് ക്വാറന്റൈന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് സൗദി പ്രവേശനം അനുവദിച്ചിട്ടുണ്ട്.