പഴയ വാഹനങ്ങൾക്ക് ഗ്രീൻ ടാക്‌സ് അഥവാ ഹരിത നികുതി ഏർപ്പെടുത്താനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. എട്ട് വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾക്ക് ഹരിത നികുതി എന്ന പ്രത്യേക നികുതി ചുമത്താനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്നും ഈ നിർദേശത്തിന് അംഗീകാരം ലഭിച്ചതായും ബിസിനസ്സ് ടുഡേ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഈ നിർദേശത്തിന് അംഗീകാരം നൽകിയതായാണ് റിപ്പോർട്ടുകൾ പറയുന്നത്.
പുതിയ വ്യവസ്ഥ അനുസരിച്ച് 8 വർഷത്തിലേറെ പഴക്കമുള്ള യാത്രാ വാഹനങ്ങൾക്ക് റോഡ് നികുതിയുടെ 10 മുതൽ 25 ശതമാനം വരെ ഗ്രീൻ ടാക്‌സ് ആയി ചുമത്താനാണ് നീക്കം. അതേസമയം സ്വകാര്യ വാഹനങ്ങൾക്ക് പതിനഞ്ച് വർഷം കഴിഞ്ഞ് മാത്രമേ ഗ്രീൻ ടാക്‌സ് ചുമത്തുകയുള്ളു. ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് കുറഞ്ഞ ഹരിത നികുതി ചുമത്താനും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കുന്ന സമയത്ത് വാഹനം എട്ട് വർഷത്തിലേറെ പഴക്കമുള്ളതാണെന്ന് കണ്ടെത്തിയാൽ പ്രത്യേക നികുതി ചുമത്താനുമാണ് ആലോചന
2017 ജനുവരി മുതൽ കേരളത്തിൽ ഹരിത നികുതി നിലവിലുണ്ട്. എന്നാൽ കേന്ദ്രം പുതിയ ചട്ടങ്ങൾ കൊണ്ടുവരുമ്പോൾ കേരളത്തിലും നിയമത്തിൽ മാറ്റം വന്നേക്കും. അന്തരീക്ഷ മലിനീകരണം കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഈ നടപടി. കാലപ്പഴക്കം ചെന്ന വാഹനങ്ങൾ മാറ്റി പുതിയ വാഹനങ്ങൾ വാങ്ങാൻ ആളുകളെ പ്രേരിപ്പിക്കുക എന്നതാണ് ഹരിത നികുതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.