കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവസാന്നിധ്യമായി കുടുംബശ്രീ പ്രവർത്തകർ. മാസ്ക് നിർമാണം മുതൽ FLTC-യിൽ ഭക്ഷണമെത്തിക്കുന്ന ചുമതലവരെ ഏറ്റെടുത്താണ് കുടുംബശ്രീ ഇതിൽ പങ്കാളികൾ ആകുന്നത്. കഴുകി ഉപയോഗിക്കാൻ സാധിക്കുന്ന മാസ്കിന്റെ നിർമാണത്തിൽ തുടങ്ങി ഫേസ് ഷിൽഡ് മുതൽ സാനിറ്റൈസർ വരെ ഇവർ നിർമിക്കുന്നുണ്ട്. തദ്ദേശസ്ഥാപനങ്ങൾക്കു കീഴിൽ FLTC കേന്ദ്രങ്ങൾ ഒരുക്കാനും ഇവർ മുന്നിട്ടിറങ്ങിയിരുന്നു. പലയിടങ്ങളിലും അടങ്ങുകിടക്കുന്ന സ്ഥാപനങ്ങൾ ആണ് ഇവർ fltc-ക്കായി തിരഞ്ഞെടുത്തത്.
കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ സമൂഹഅടുക്കളകൾ ഒരുക്കി കുടുബശ്രീക്കാർ മാതൃകയായിരുന്നു. ഒരു ഫോൺ കോളിലൂടെ വീട്ടാവശ്യത്തിനുള്ള എല്ലാ സാധനങ്ങളും വീട്ടിൽ എത്തിക്കാൻ ഉള്ള കുടുംബശ്രീയുടെ ഒരുമ റാപിഡ് ആക്ഷൻ ഫോഴ്സ് വിജയകരമായിരുന്നു. വയോജനങ്ങൾ മാത്രമുള്ള കുടുംബങ്ങളിൽ ഇത് ഏറെ പ്രയോജനകരമായി. കുടുംബശ്രീയുടെ കീഴിൽ ഒറ്റയ്ക്ക് താമസിക്കുന്നതും, മാനസികവിഷമതകൾ അനുഭവിക്കുന്നവരുമായ വയോജനങ്ങളിലേക്ക് കൂടുതൽ കരുതൽ എത്തിക്കാൻ ആയി ഗ്രാൻഡ് കെയർ പദ്ധതിയും ആവിഷ്കരിച്ചിരുന്നു.
കുടുംബശ്രീയുടെ ജെൻഡർ ഹെൽത്ത് ഡെസ്ക് ലോക്കഡോൺ മൂലം വീട്ടിൽ ഇരിക്കുന്ന സ്ത്രീകളുടെ മാനസിക, ഗാർഹിക പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തുന്നതിനായി സമ്മർദ്ദപെട്ടി എന്ന കൗണ്സിലിംഗ് പദ്ധതിയും ആരംഭിച്ചിരുന്നു. കഥകളായും,കവിതകളായും, ശബ്‌ദസന്ദേശങ്ങൾ ആയും മികച്ച പ്രതികരണമാണ് ഇതിനു ലഭിച്ചത്. പലരുടെയും പ്രശനങ്ങൾ അവരുടെ സമ്മതത്തോടെ ഇടപെടാനും, പരിഹാരം കണ്ടെത്താനും ഇതിലൂടെ സാധിച്ചു എന്ന് സമ്മർദ്ദപെട്ടിയിലെ വിവിധ കൗൺസിലർമാർ പറഞ്ഞു.
ഏത് പ്രവർത്തങ്ങളും ഏറ്റെടുത്തു വിജയിപ്പിച്ച ചരിത്രമുള്ള കുടുംബശ്രീപ്രവർത്തകർ കോവിഡ് രോഗവ്യാപന ഘട്ടത്തിൽ ചെയ്യുന്ന പ്രവർത്തനങ്ങൾ അവരുടെ വിജയത്തിന്റെ മാറ്റുകൂട്ടുകയാണ്.