21-ആം നൂറ്റാണ്ടിലെ ഡിജിറ്റൽ യുഗത്തിൽ ജീവിക്കുന്ന നമ്മൾ വിദ്യാഭാസം ഡിജിറ്റൽ ആകുന്നതിനെക്കുറിച്ചു ഒട്ടും ചിന്തിച്ചിട്ടുണ്ടാവില്ല! ഫോൺ റീചാർജ് മുതൽ ബസ് ടിക്കറ്റ് ബുക്കിംഗ് വരെ ഓൺലൈൻ ആയി ചെയ്യുന്നതാണ് ഇപ്പോഴുത്തെ ട്രെൻഡ് എന്നു വിശ്വസിക്കുന്ന തലമുറക്ക് ഓൺലൈൻ പഠനവും ചിലപ്പോൾ അത്തരമൊരു ട്രെൻഡ് ആയി തോന്നിയേക്കാം. ഡിജിറ്റൽ സാങ്കേതികവിദ്യകൾ ലഭ്യമല്ലാത്ത കുട്ടികളെ പറ്റിയുള്ള ഉത്കണ്ഠകൾ ആദ്യമുണ്ടായിരുന്നെങ്കിലും അവക്കെല്ലാം പരിഹാരനടപടികൾ കണ്ടെത്തി ഓൺലൈൻ വിദ്യാഭാസം അതിന്റെ 3-ആം മാസത്തിലേക്ക് കടന്നിരിക്കുകയാണ്.
സ്കൂളിൽ പോകാനും കൂട്ടുകാരെ കാണാനുമൊന്നും പറ്റുന്നില്ല എന്ന വിഷമം കുട്ടികളിൽ ഉണ്ടെങ്കിലും തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട സംവിധാനമായ മൊബൈൽ ഫോണിലൂടെയുള്ള പഠനം ആദ്യമെല്ലാം കൗതുകമായി തോന്നിയിരുന്നെങ്കിലും ഇപ്പോൾ കുട്ടികൾക്കുതന്നെ ഇരുതലവാളായി മാറിയിരിക്കുകയാണ്, ഓൺലൈൻ വിദ്യാഭാസം കുട്ടികൾക്ക് ഭാരമാകുന്നു എന്ന പരാതി ഇപ്പോൾ പൊതുവെ വന്നുകൊണ്ടിരിക്കുകയാണ്.
ലോവർ പ്രൈമറി മുതൽ ഹയർ സെക്കണ്ടറി തലം വരെയുള്ള വിദ്യാർത്ഥികൾക്ക് പരമാവധി 45 മിനിട്ടുള്ള 2 ക്ലാസുകൾ ആണ് ഒരു ദിവസം പാടുകയുള്ളു എന്ന കേന്ദ്രനിർദ്ദേശത്തെ അവഗണിച്ചാണ് സ്കൂളുകളിലും കോളേജുകളിലും 3 മണിക്കൂർ മുതൽ 5 മണിക്കൂർ വരെ ക്ലാസുകൾ നീണ്ടുപോകുന്നത്. ഇത്തരം പടനാസംവിധാനം കുട്ടികളിൽ മാനസികസമ്മർദ്ദം ഉണ്ടാക്കുന്നു എന്ന രക്ഷിതാക്കളുടെ പരാതി ഇപ്പോൾ വ്യാപകമായി ഉയർന്നുകൊണ്ടിരിക്കുകയാണ്.
കൂടുതൽ സമയം ദൃശ്യമാധ്യമങ്ങൾ ഉപയോഗിക്കുന്നത് എല്ലാവരിലും ആരോഗ്യപരമായ പല പ്രശ്നങ്ങളും ഉണ്ടാക്കുമെന്നു നമുക്കറിയാം, അതുകൊണ്ടുതന്നെ ആഴ്ചയിൽ 36 മണിക്കൂറോളം നീളുന്ന ഓൺലൈൻ ക്ലാസുകൾ വിദ്യാർത്ഥികളിൽ മനസികസമ്മർദ്ദവും, ഉറക്കക്കുറവും തുടങ്ങിയ പല പ്രശ്നങ്ങൾ ആണ് സൃഷ്ടിക്കുന്നത്.
ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിലും, അതിലൂടെ പഠിക്കുന്നതിനുമെല്ലാം കുട്ടികൾ പ്രാപ്തരായിരിക്കണം എന്നാൽ അതൊരിക്കലും കുട്ടികളെ സമ്മർദ്ദത്തിലാക്കാതെ ഫലപ്രദമായി നടത്തുവാനാണ് ശ്രദ്ധിക്കേണ്ടത്.