09/ 08/ 2020 ശനി, ഇടുക്കിയിലെ പെട്ടിമുടി എന്ന കൊച്ചുസ്വർഗം കണ്ണീരാൽ നനഞ്ഞു കുതിർന്ന ദിനം. 17 ഡിഗ്രി സെൽഷ്യസിലും മഞ്ഞുതുള്ളികൾക്കും പോലും ചൂടായിരുന്നു. അകലെനിന്നും ചാഞ്ഞുപെയ്യുന്ന മഴക്ക് മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത ഭീകരമുഖം. നാമക്കാട് എസ്റ്റേറ്റിലെ തൊഴിലാളികൾ തേയില കൊണ്ടുപോകുന്ന മഞ്ഞനിറമുള്ള ട്രാക്റ്ററിൽ ചെളിയിലൂടെ പ്രിയപെട്ടവരുടെ വിറങ്ങലിച്ച ശരീരവുമായി ഓടി അകലുന്ന കണ്ണീർ കാഴ്ച. സൂര്യൻ ഒന്നും കാണാത്തമട്ടിൽ ഉദിച്ചുനിന്നു. ആംബുലൻസുകളുടെയും, പോലീസ് വാഹനങ്ങളുടെയും, ആരോഗ്യവകുപ്പ് ജീവനക്കാരുടെയും നീണ്ടനിര കുന്നിന്മുകളിലേക്ക് ഓടിയടുത്തു. മൂന്നാറിൽനിന്നും 30 കിലോമീറ്റർ മുകളിലേക്ക് ജീവൻ പണയം വച്ചുകൊണ്ടുള്ള യാത്ര. ഇരവികുളം നാഷണൽ പാർക്കിന്റെ ടിക്കറ്റ് കൗണ്ടറുകൾ ഒഴിഞ്ഞുകിടക്കുന്നു.
മഴ കനക്കുകയാണ്, രാജമല ആശുപത്രിയുടെ ഇടതുഭാഗത്തുള്ള ചെറിയ മുറിയിൽ 5 മേശകൾ നിരന്നു, ജനറേറ്ററിന്റെ സഹായത്താൽ പ്രവർത്തിക്കുന്ന മഞ്ഞ പ്രകാശം ഉള്ള ബൾബുകൾ തെളിഞ്ഞു. മൃതദേഹപരിശോധനക്കായി കൊണ്ടുവന്ന തടിയിൽ തീർത്ത പോസ്റ്റുമോർട്ടം ബോക്സ് ഞാൻ തുറന്നു നോക്കി, അലമുറവിളികളുടെ അകമ്പടിയോടെ രക്തം കാണാൻ കൊതിക്കുന്ന സ്റ്റീൽ ഉപകരണങ്ങൾ. പുറത്തുനിന്നും എത്തുന്ന ജനറേറ്റർ ഡീസൽ മണവും ചോരയും വെള്ളവും കുതിർന്ന മണ്ണിന്റെ മണവും തേയിലച്ചെടികളെ തട്ടി ആ മുറികളിൽ പടർന്നു. അലമുറ വിളികളുടെ ശബ്ദം കൂടി വരുന്നു. പുറത്തുഒരുക്കിയ തടിബെഞ്ചിൽ കിടത്തിയ കറുത്ത പ്ലാസ്റ്റിക് ബാഗിനുള്ളിൽ അനക്കം ഉണ്ടോ എന്നു ഒന്നുക്കൂടെ പരിശോധിക്കുന്ന ഡോക്ടർമാർ, ഒന്ന് അനങ്ങിയിരുന്നെങ്കിൽ എന്നു പ്രാർത്ഥിക്കുന്ന പ്രിയപ്പെട്ടവർ, അനക്കം ഉണ്ടെങ്കിൽ സ്വന്തം ജീവൻ പോയാലും ഇടുങ്ങിയ റോഡിലൂടെ ആശുപത്രിയിൽ എത്തിക്കുമെന്ന് ശപഥം ചെയ്തുനിൽക്കുന്ന ആംബുലൻസ് ഡ്രൈവർമാർ, കാവലിനു ഞങ്ങളുണ്ട് എന്നുപറഞ്ഞു നിൽക്കുന്ന കാക്കിപ്പട്ടാളം. മുൻവശത്തായി ഉരുക്കിയ വലിയ കറുത്ത ടാങ്കിൽനിന്നും മഞ്ഞ ഓസിലൂടെ വെള്ളമെത്തി. മണ്ണിൻ പുതപ്പിൽനിന്നും പുറത്തെടുത്ത മനുഷ്യക്കോലങ്ങളിൽ അച്ഛന്റെ നൊമ്പരവും അമ്മയുടെ താരാട്ടും മക്കളുടെ കളിചിരിയും കുഞ്ഞിന്റെ പാൽപുഞ്ചിരിയും കാണാമായിരുന്നു.
മഞ്ഞനിറമുള്ള ട്രാക്ടർ പോയിവന്നുകൊണ്ടേ ഇരുന്നു. ഫോറൻസിക് വിദഗ്ധർ അടക്കം ഒട്ടെറെ ഡോക്ടർമാരുടെയും മാറ്റുപാരാമെഡിക്കൽ ജീവനക്കാരുടെയും സഹായത്താൽ പുറത്തു അണിനിരന്ന സന്നദ്ധ സംഘടനകളുടെ ആത്മവിശ്വാസത്താൽ ജനകീയ സർക്കാരിന്റെ പിന്തുണയോടെ, പ്രാർത്ഥനയോടെ തുടങ്ങിയ മൃതദേഹ പരിശോധന ആകാശം നന്നായി കറുക്കുവോളം തുടർന്നു. ഏതുനിമിഷവും അടുത്ത മണ്ണിടിച്ചിൽ ഉണ്ടായേക്കാം എന്ന ഭീതിയിൽ വിറങ്ങലിച്ചു പേർസണൽ പ്രൊട്ടക്ടക്ഷൻ എക്വിപ്മെന്റിനുള്ളിൽ, കയ്യുറകളും, N95 മാസ്ക്കും വീർപ്പുമുട്ടിക്കുമെങ്കിലും തണുപ്പിൽ ഒരു കമ്പിളിപോലെ അവയൊക്കെ സഹായമായി.
3 വർഷത്തെ ഫോറൻസിക് വകുപ്പിലെ സേവനം, പ്രവർത്തിപരിചയം, പരിശോധനകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പറഞ്ഞുതന്ന തൃശൂർ ഫോറൻസിക് വകുപ്പിലെ ഡോക്ടർമാർ, അറ്റെൻഡേർസ് അവരുടെയെല്ലാം പ്രാർത്ഥനകൊണ്ട് വളരെ കുറഞ്ഞ സമയംകൊണ്ട് വിശദമായി നടത്തിയ പരിശോധനകൾ. ഇരുപതിൽ അധികം ആളുകൾ കറുത്ത പ്ലാസ്റ്റിക് ബാഗുകളിൽ ഉറങ്ങിക്കഴിഞ്ഞിരുന്നു. ഒരിക്കലും ഉണരാത്ത സ്വപ്നംകണ്ടിറങ്ങുന്ന ഒരു യാത്രയിൽ എന്നപോലെ.
പ്രഭു കൃഷ്ണ ( ലബോറട്ടറി ടെക്നിഷ്യൻ കട്ടപ്പന), Dr. പ്രശാന്ത് (അസിസ്റ്റന്റ് പോലീസ് സർജൻ & മെഡിക്കൽ ഓഫീസർ ഇടുക്കി)7 വർഷത്തോളമായി ഇടുക്കിയിലെ സാധാരണക്കാർക്കിടയിൽ നിന്നുകൊണ്ട് നിസ്വാർത്ഥ സേവനം ചെയ്യുന്ന മനുഷ്യസ്നേഹി.
കൊടുംതണുപ്പിൽ 8000 ഫീറ്റ് ഉയരത്തിൽ സേവനം നടത്തുമ്പോഴും നാം അറിയാതെ കാലിലൂടെ അരിച്ചുകേറി രക്തം നുകരുന്ന കുളയട്ടകൾ ഡാർവിന്റെ പല സിദ്ധാന്തങ്ങളും ശേരിവച്ചു. തിരികെ മലയിറങ്ങുമ്പോൾ എതിരെയെത്തുന്ന ജെ സി ബികൾ ദുരന്തമുഖത്തേക്കു പോയി. ഒടുവിലായി എത്തിയ ജെ സി ബി തേയിലക്കാടിന്റെ നടുവിലായി ആറടി വലിപ്പത്തിൽ കുഴികൾ തീർത്തു. മണ്ണിൽമൂടിയ കണ്ണുകളിൽ തിളക്കത്തിന്റെ മെഴുകുതിരിനാളം അവിടെ ജ്വലിച്ചുകൊണ്ടിരുന്നു എവിടെയൊനഷ്ട്ടപെട്ട ജീവിത്തിന്റെ പ്രതീകമായി.
വളവുകൾ തിരിഞ്ഞു കുന്നിറങ്ങുമ്പോൾ അരികിലായി ഒഴുകിയ കാട്ടരുവിയിൽ മുഖം പൊത്തിനിൽക്കുന്ന വരയാടുകൾ ദുഃഖം പങ്കുവക്കുന്നതായി തോന്നി. ഓരോ വളവുകളിലും സ്ഥാപിച്ച ടൂറിസം ബോർഡുകളിൽ നീലകുറുഞ്ഞി പൂത്തുനിന്നിരുന്നു. “മൂന്നാർ ബ്ലൂംസ്”, മൂന്നാർ ഇനിയും പൂത്തുലയട്ടെ, 3 വർഷമായി മൂന്നറിനെ പ്രകൃതി വികൃതികാട്ടി കരയിപ്പിക്കുന്നു. ആ കരച്ചിൽ മഴയായി ദേഹത്തുപതിച്ച എന്റെ കണ്ണുകളും നിറയുന്നു പ്രിയപ്പെട്ടവരുടെ തേഞ്ഞലിനുമുൻപിൽ. പെട്ടിമുടിയിൽ മണ്ണിൽമറഞ്ഞ ജീവിതങ്ങൾക്കു പ്രണാമം